നയനാനന്ദം പള്ളം നഗരവനം

കാസർകോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് പരിപാലിക്കുന്ന കാസർകോട് പള്ളം നഗരവനം

സ്വന്തം ലേഖകൻ
Published on Sep 18, 2025, 02:00 AM | 1 min read
കാസർകോട്
വനം വകുപ്പിന്റെ നഗരവനം പദ്ധതിയിൽ 21 ഹെക്ടർ കണ്ടൽ വനങ്ങൾ സംരക്ഷിക്കുന്ന കാസർകോട് റേഞ്ച് ഫോറസ്റ്റ് നടപ്പാക്കിയ പള്ളം നഗരവനത്തിന് സംസ്ഥാനത്തെ രണ്ടാമത്തെ പച്ചത്തുരുത്തിനുള്ള പുരസ്‌കാരം. കാസർകോട് നഗരസഭയുടെ ഹൃദയ ഭാഗമായ തളങ്കര മുതൽ പള്ളം വരെ കടലും കായലും ഇടചേർന്ന സംരക്ഷിത വനമാണ് പള്ളം നഗര വനം. ചരിത്ര പ്രസിദ്ധമായ മാലിക് ദിനാർ പള്ളിയുടെയും കാസർകോട് ഹാർബറിന്റെയും ഓരം ചേർന്നാണ് ഈ നിത്യ ഹരിത വനം. ചന്ദ്രഗിരിപ്പുഴയുടെ കടലോടു ചേരുന്ന ഉപ്പുവെള്ളത്തിലാണ് മാൻഗ്രോവ് കൺസർവേഷന്റെ ഭാഗമായി കണ്ടൽചെടികൾ വനം വകുപ്പ് നട്ടുപിടിപ്പിച്ചത്. ഒരു കാലത്ത് പാഴ് നിലമായി കണ്ട് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും അറവുശാലയിൽ നിന്നുള്ള അവശിഷ്ടങ്ങളും കെട്ടിടാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ഉപയോഗ ശൂന്യമായ എന്തും വലിച്ചെറിയാനുള്ള ഇടമായിരുന്നു ഈ പ്രദേശം. പൊതുജനങ്ങളിൽ അവബോധമുണ്ടാക്കി പൊതുജന പങ്കാളിത്തം ഉറപ്പാക്കി വനം വകുപ്പും ഹരിത കേരള മിഷനും കണ്ടൽ നഗരവനം യാഥാർഥ്യമാക്കി നിരന്തര പരിശ്രമത്തിന്റെ ഭാഗമായി പ്രകൃതിദത്തമായ ഒരു വൻമതിൽ പോലെ പന്തലിച്ചു നിൽക്കുകയാണ് കണ്ടൽ വനങ്ങൾ. തീരപ്രദേശത്തെ ജനങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും സുനാമിയിൽ നിന്നും കരയിടിച്ചിലിൽ നിന്നും സംരക്ഷിക്കുന്നതോടൊപ്പം കരയിൽ ഉപ്പിന്റെ അംശം അരിച്ചിറങ്ങാതെ ഓരുജലവും ശുദ്ധജലവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിന് കണ്ടൽക്കാടുകൾ സഹായിക്കുന്നു. നിരവധി മത്സ്യങ്ങളുടെ അഭയ കേന്ദ്രവും പ്രജനന കേന്ദ്രവും നീർപക്ഷികളുടെയും ദേശാടന പക്ഷികളുടെയും തേനിച്ചുകളുടെയും ചിത്രശലഭങ്ങളുടെയും കേന്ദ്രവുമാണ് പള്ളം.









0 comments