തോടാണ്‌, കളയില്ല

പടന്ന ഓരി പുഴയോരത്ത്‌ സംഭരിച്ച കക്കത്തോട്‌ കയറ്റി അയക്കാൻ വാഹനത്തിലേക്ക്‌ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ
avatar
പി വിജിൻദാസ്‌

Published on Jul 04, 2025, 03:00 AM | 1 min read

ചെറുവത്തൂർ

പുഴയുടെ ആഴങ്ങളിൽ മുങ്ങി തോണിയിൽ നിറച്ച്‌ കരക്കെത്തിക്കുന്ന കക്കയുടെ തോട് പുഴയരികിൽ കൂട്ടിയിരിക്കുന്നത് കണ്ട്‌ പലരും ചിന്തിച്ചിട്ടുണ്ടാവും ഇതെന്തിനാണെന്ന്‌. കക്കയിറച്ചി (ഇളമ്പക്ക)എന്ന പോലെ തന്നെ ആവശ്യക്കാർ ഏറെയുള്ള ഒന്നാണ്‌ കക്കത്തോടും. സംസ്‌കരിച്ച്‌ പലവിധത്തിലുള്ള ഉൽപന്നങ്ങളായി വിപണിയിൽ എത്തുമ്പോഴാണ്‌ നമ്മൾ ഇതിന്റെ മഹത്വം തിരിച്ചറിയുക. കക്കത്തോട്‌ ശേഖരിച്ച്‌ വ്യാവസായികാടിസ്ഥാനത്തിലുള്ള വിൽപനക്ക്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. ഇവ ഉപജീവന മാർഗമാക്കിയ ആയിരക്കണക്കിന്‌ തൊഴിലാളികളും തീരപ്രദേശങ്ങളിലുണ്ട്‌. കക്കത്തോട്‌ സംസ്‌കരിക്കുന്ന നിരവധി യൂണിറ്റുകൾ ജില്ലക്കകത്തും പുറത്തുമുണ്ട്‌. ഇവരെത്തി ശേഖരിച്ച്‌ കൊണ്ടുപോയി കക്കത്തോട്‌ പ്രത്യേകം ഒരുക്കിയ സംസ്‌കരണ സംവിധാനമായ ചൂളയിലിട്ട്‌ തീയിൽ നീറ്റിയെടുക്കും. ഇങ്ങനെ നീറ്റിയെടുത്താൽ ലഭിക്കുന്ന ഉൽപന്നമാണ്‌ കുമ്മായം പല ആവശ്യങ്ങൾക്കുമാണ്‌ ഉപയോഗിച്ച്‌ വരുന്നത്‌. ഉരുക്ക് നിർമാണ പ്രക്രിയയിലുടനീളം കുമ്മായം ഉപയോഗിക്കാതെ ഉരുക്ക് വ്യവസായം സങ്കൽപ്പിക്കാൻ കഴിയില്ല. മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും, സൾഫർ നീക്കാനും, ഫോസ്ഫറസ് - ഡീഫോസ്ഫോറൈസേഷൻ നീക്കം ചെയ്യുന്നതിനും ശുദ്ധീകരണിയായാണ്‌ കുമ്മായം പ്രവർത്തിക്കുന്നത്‌. മണ്ണിനെ കഠിനമാക്കുന്നതിനോ ഉണക്കുന്നതിനോ കുമ്മായം ഉപയോഗിക്കുന്നു. നീറ്റിയെടുക്കുന്ന കക്കയിൽനിന്നാണ്‌ ചുണ്ണാമ്പും നിർമിക്കുന്നത്‌. കുമ്മായവും പ്ലാസ്‌റ്റർ ഓഫ്‌ പാരീസും ചേർന്നാണ്‌ എഴുതാനുപയോഗിക്കുന്ന ചോക്ക്‌ നിർമിക്കുന്നത്‌. ഇവയുടെയെല്ലാം അടിസ്ഥാന ഘടകമായി നിലകൊള്ളുന്നത്‌ കക്കത്തോടാണ്‌. വിവിധ ക്വാളിറ്റികളിലുളള കക്കത്തോട്‌ ഉണ്ട്‌. ഇവക്കനുസരിച്ചാണ്‌ വില നിശ്‌ചയിക്കുന്നത്‌. ആവശ്യക്കാർ ഏറെ ഉള്ളതിനാൽ ഏത്‌ കാലാവസ്ഥയിലും കക്കത്തോടെ ശേഖരണവും വിപണനവും കാര്യമായി തന്നെ നടക്കാറുണ്ടെന്ന്‌ തൊഴിലാളികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home