കറങ്ങിത്തിരിയില്ല

ഫുൾ റേഞ്ചിലാണ് കെ ഫോൺ

കാസർകോട്​ ഗവ. യുപി സ്​കൂളിൽ സ്ഥാപിച്ച കെ ഫോൺ ഇന്റർനെറ്റ്​ സംവിധാനം
avatar
കെ സി ലൈജുമോൻ

Published on Jul 30, 2025, 02:15 AM | 1 min read


കാസര്‍കോട്

ഫോണിന്‌ റേഞ്ചില്ല, നെറ്റ്‌‌ വർക്ക് ‌സ്ലോയാണ്‌, ഒന്നുമങ്ങ്​ ഡ‍ൗൺലോഡ്​ ചെയ്യാൻ പറ്റുന്നില്ല... വേവലാതി പറഞ്ഞ്‌ പ്രാന്ത്‌ പിടിക്കേണ്ട. സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ്​ കുറഞ്ഞ ചെലവിൽ എത്തിക്കുന്നതിനുള്ള കെ ഫോൺ പദ്ധതിക്ക്​ ജില്ലയിലും പ്രിയമേറുന്നു. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കെ ഫോണ്‍ കണക്ഷനുകള്‍ക്ക്​ സ്വീകാര്യത വർധിക്കുകയാണ്​. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുവെന്നതാണ് കെ ഫോണിനെ ആകര്‍ഷകമാക്കുന്നത്. ജില്ലയില്‍ ഇതുവരെ 2048 കണക്ഷൻ നല്‍കിക്കഴിഞ്ഞു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കിലോമീറ്ററോളം ദൂരം കേബിളുകൾ പൊട്ടിപ്പോയതാണ്​ കൂടുതൽ കണക്ഷനുകൾ നൽകുന്നതിന്​ തടസമായത്​. ഇതുവരെ 1500.673 കിലോമീറ്റര്‍ കേബിളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്. കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ 73.465 കിലോമീറ്റര്‍ ഒപിജിഡബ്യു കേബിളുകളും കെഎസ്ഇബി വൈദ്യുതി തൂണുകള്‍ വഴി 1427.208 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകളുമാണുള്ളത്. ജില്ലയിലെ 913 സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോള്‍ കെ ഫോണ്‍ നെറ്റ്‌വര്‍ക്കാണ്​​. 552 ബിപിഎല്‍ വീടുകളിലും കെ ഫോണ്‍ കണക്ഷൻ നൽകി. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ മുഖേന 583 വാണിജ്യ കണക്ഷനുകളും നല്‍കി. 55 ലോക്കല്‍ നെറ്റ്​വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ കെ ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ ഒരു ഐഎല്‍എല്‍ കണക്ഷനും എട്ട്​ എസ്എംഇ കണക്ഷനുകളും നല്‍കി. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ "എന്റെ കെ ഫോണ്‍' എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്യാം.


നിലവിൽ കെ ഫോൺ ലഭിക്കുന്ന പ്രദേശങ്ങൾ

കാസർകോട്​, ബദിയടുക്ക, നാരമ്പാടി, കുറ്റിക്കോൽ, പടുപ്പ്​, ബന്തടുക്ക, രാജപുരം, ഒടയംചാൽ, പരപ്പ, കാലിച്ചാനടുക്കം, മാലോം, ചീമേനി, അജാനൂർ, കാഞ്ഞങ്ങാട്​.



deshabhimani section

Related News

View More
0 comments
Sort by

Home