വെയിലേറ്റ് കിടപ്പല്ലേ മെമു കാസർകോട്ടേക്ക് നീട്ടാമോ?

കാസർകോട്
കണ്ണൂർ– മംഗളുരു പാസഞ്ചർ ട്രെയിൻ കണ്ണപുരം വിട്ടാൽ നല്ല തിരക്കാണ്. പയ്യന്നൂർ എത്തുന്നതോടെ ബോഗികളിൽ നിൽക്കാൻ ഇടമുണ്ടാവില്ല. ചെറുവത്തൂർ പിന്നിട്ടാൽ കയറിപ്പറ്റാൻ തന്നെ പാട്. കാഞ്ഞങ്ങാട് എത്തിയാൽ ശ്വാസമെടുക്കാൻ പ്രയാസമാവും. നല്ല തിരക്കുള്ള 14 കോച്ച് വണ്ടി വെട്ടിമുറിച്ച് 10–11 കോച്ചുകളുമായി ഓടിത്തുടങ്ങിയപ്പോഴുള്ള പതിവ് കാഴ്ചയാണിത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ നേർവിപരീതമായ കാഴ്ചയാണ്. പുലർച്ചെ അഞ്ചിന് ഷൊർണൂരിൽ നിന്ന് യാത്ര തുടങ്ങിയ ഷൊർണൂർ – കണ്ണൂർ മെമു രാവിലെ ഒമ്പതോടെ യാത്ര അസാനിപ്പിച്ച് പിന്നീടൊരു കിടപ്പാണ്. ഒന്നുംരണ്ടും മണിക്കൂറല്ല, ഒമ്പത് മണിക്കൂറാണ് വെയിലും മഴയുമേറ്റ് വിശ്രമം. കേരളത്തിൽ മെമു സർവീസില്ലാത്ത ഏക റൂട്ടാണ് കണ്ണൂർ–മംഗളുരു. തിരക്കുമൂലം യാത്രക്കാർ ട്രെയിനിൽ ബോധമറ്റുവീഴുന്ന റൂട്ടിലേക്ക് മെമു നീട്ടുന്നതിന് എന്താണ് തടസമെന്ന് ചോദിച്ചാൽ റെയിൽവെ കെെമലർത്തും. ഞങ്ങളെന്താ കേരളത്തിലല്ലേ എന്ന ചോദ്യത്തിന് ഉത്തരമലാറിലെ എംപിമാർക്കും ഉത്തരമില്ല. നേരത്തെ 12 കോച്ചുണ്ടായിരുന്ന മെമുവാണ് ജൂലെെ 24 മുതൽ 16 കോച്ചായി വർധിപ്പിച്ചത്. മുമ്പ് 2,634 യാത്രക്കാർക്കായിരുന്നു ഇരിപ്പിടം. ഇപ്പോഴത് 5,804 ആയി. ഇതേ കാലയളവിലാണ് കണ്ണൂർ– മംഗളുരു പാസഞ്ചറിൽ മൂന്ന് കോച്ചുകൾ കുറഞ്ഞത്. ഇതെന്ത് നീതിയെന്ന് ചോദിച്ചപ്പോൾ കോച്ചുകൾ കുറച്ചത് താൽക്കാലികമെന്നായിരുന്നു വിശദീകരണം. മാസമൊന്ന് കഴിഞ്ഞിട്ടും കൊണ്ടുപോയ കോച്ചുകളൊന്നും തിരികെ വന്നില്ല.
കാസർകോടേക്ക് നീട്ടാൻ മടിയെന്തിന്
മെമു കാസർകോടേക്കോ മംഗളുരുവിലേക്കോ നീട്ടുന്നതിന് സാങ്കേതിക തടസങ്ങളൊന്നും ഇല്ല. കണ്ണൂർ, കാസർകോട് എംപിമാർ ശക്തമായ സമ്മർദം ചെലുത്തിയാൽ കാര്യം നടക്കും. ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ എംപിമാർ ഗൗരവത്തോടെ ഇടപെടുന്നില്ലെന്ന പരാതി ഉയർത്തുന്നു. ഒമ്പത് മണിക്കൂർ ബേലൈനിൽ നിർത്തിയിടുന്ന മൈമു ഷൊർണൂരിലേക്ക് പുറപ്പെടുന്നത് വൈകിട്ട് 5.20ന്. മംഗളുരുവിലേക്ക് നീട്ടിയാൽ രാവിലത്തെ യാത്രാദുരിതത്തിനൊപ്പം ഉച്ചതിരിഞ്ഞ് മണിക്കൂറുകൾ കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്തതിനും പരിഹാരമാകും. വൈകിട്ടത്തെ എംജിആർ ചെന്നൈ എക്സ്പ്രസിലെ തിരക്കിനും ശമനമാകും. കണ്ണൂർ– കാസർകോട് റൂട്ടിൽ നീട്ടിയാൽ 16 സ്റ്റേഷനിലും മംഗളുരുവിലേക്ക് നീട്ടിയാൽ അധികമായി നാലിടത്തുമാണ് മെമു നിർത്തേണ്ടത്. മംഗളുരുവിലേക്ക് മൂന്നുമണിക്കൂറിൽ യാത്ര തീരുമെന്നിരിക്കെ, ആരാണ് ഉടക്കിടുന്നത്?.









0 comments