കയ്യൂരിൽനിന്നെത്തിയ ഗൺമാൻ വിഎസ്സിന്റെ പ്രിയപ്പെട്ട കണ്ണനായി

പി വിജിൻദാസ്
Published on Jul 22, 2025, 03:00 AM | 1 min read
കയ്യൂർ: വി എസ്സിന്റെ കൂടെയെപ്പോഴും ഏതു വേദിയിലും പിറകെ... നിഴലായി ഒരാളുണ്ടായിരുന്നു. ഇങ്ങ് കയ്യൂരിൽനിന്ന്. വാക്കുകൾ തീപ്പൊരിയാകുമ്പോൾ, ക്യാമറക്കണ്ണുകൾ മിഴിതുറക്കുമ്പോൾ തൊട്ടുപിറകിലുണ്ടായ ഗൺമാൻ കയ്യൂർ ആലന്തട്ട മൊടോന്തടത്തെ എ പി കുഞ്ഞിക്കണ്ണന് ഏഴുവർഷത്തെ ഔദ്യോഗിക ജീവിതത്തിൽ എന്നും ഒപ്പമുണ്ടായിരുന്ന വി എസിന്റെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ല. ഒരിക്കലും മറക്കില്ല കുഞ്ഞിക്കണ്ണന്റെ മനസ്സിൽനിന്നും വി എസിന്റെ ഓർമകളും അദ്ദേഹത്തിന്റെ സ്‌നേഹവും.
2011 മുതൽ 2017 വരെ ഏഴുവർഷം വി എസിന്റെ ഗൺമാനായിരുന്നു കുഞ്ഞിക്കണ്ണൻ. കാസർകോട് എആർ ക്യാമ്പിൽ എസ്ഐ ആയി ജോലി ചെയ്യുന്ന വേളയിലാണ് ഗൺമാനായി പോകുന്നത്. പുന്നപ്ര വയലാർ സമരനായകനായ വി എസിന്റെ ഗൺമാനായി കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽ നിന്നുമെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അധികം താമസിയാതെ വി എസിന്റെ പ്രിയപ്പെട്ട കണ്ണനായി മാറി. എന്നും കൂടെയുണ്ടാവുന്ന കുഞ്ഞിക്കണ്ണന് രാവിലെ നാലിന് ഉണർന്ന് ഉറങ്ങുന്നതുവരെയുള്ള വി എസ്സിന്റെ ജീവിതക്രമമെല്ലാം മനപാഠം.
ഉണർന്ന് പ്രാഥമിക കർമം കഴിഞ്ഞാൽ വലിയ ഒരു ഗ്ലാസ് കരിക്കിൻ വെള്ളം കുടിച്ച് നടത്തം. അതുകഴിഞ്ഞ് വന്നാൽ പത്രവായന. പിന്നീട് കുളി കഴിഞ്ഞാൽ അഞ്ചു മിനുട്ട് സൂര്യപ്രകാശമേൽക്കും. രാവിലെ ആവിയിൽ വെന്ത ഭക്ഷണം. ഉച്ചയൂണിന് പച്ചക്കറി മാത്രം. ഇടയ്ക്കിടെ കരിക്കിൻ വെള്ളവും ചൂടുവെള്ളവും. രാത്രി രണ്ട് പൂവൻപഴവും മൂന്നു കഷ്ണം പപ്പായയും. പപ്പായ കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് ആകെ വിഷമമാകുമെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു. ഒരിക്കൽ കൊൽക്കത്തയിൽ നടന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പപ്പായക്കുവേണ്ടി മൂന്ന് കിലോമീറ്ററിലധികം നടന്നത് കുഞ്ഞിക്കണ്ണൻ ഓർക്കുന്നു. വിരമിച്ചശേഷവും വി എസുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.









0 comments