കൊടുങ്കാറ്റിലും ഇളകാത്ത നെടുങ്കോട്ടകൾ


സ്വന്തം ലേഖകൻ
Published on Nov 16, 2025, 02:00 AM | 1 min read
കാസർകോട്
കാസർകോടിനെ കടുംചുവപ്പാൽ അടയാളപ്പെടുത്തുന്ന ഹൃദയഭൂമികളുണ്ട്. ഏത് കൊടുങ്കാറ്റിലും ഇളകാത്ത നെടുങ്കൻ കോട്ടകൾ. രൂപീകരണ കാലം മുതലിങ്ങോട്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ മാത്രം തെരഞ്ഞെടുത്ത ഗ്രാമങ്ങൾ. വർഗീയതയ്‌ക്കും വിദ്വേഷ രാഷ്ട്രീയത്തിനും ഇടം കൊടുക്കാത്ത മണ്ണാണ് ഇൗ ഗ്രാമങ്ങളുടേത്. ജന്മി നാടുവാഴിത്തത്തെ കരളുറപ്പാൽ കടപുഴക്കി കമ്യൂണിസ്‌റ്റ് പാർടി ആദ്യമായി അധികാരത്തിലേറിയ മടിക്കൈയും സ്വതന്ത്ര്യസമര പോരാട്ടങ്ങളുടെ ദീപശിഖയേന്തിയ കയ്യൂർ– ചീമേനിയും വികേന്ദ്രീകൃതാസൂത്രണത്തിലൂടെ ലോകത്തിന് മുന്പാകെ പുതുമാതൃകൾ അവതരിപ്പിച്ച പിലിക്കോടും ബേഡഡുക്കയുമാണ് ഇൗ നാല് പഞ്ചായത്തുകൾ. രൂപീകരണ കാലം മുതൽ ഇടതുപക്ഷം ഭരണസാരഥ്യം വഹിക്കുന്ന നീലേശ്വരം നഗരസഭയും ഇൗ പട്ടികയിലുണ്ട്. ജന്മി നാടുവാഴിത്തത്തെ കടപുഴക്കി 75 വർഷം മുന്പാണ് മടിക്കൈ പഞ്ചായത്തിൽ കനിംകുണ്ടിൽ അപ്പു കാരണവരുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ അധികാരമേറ്റത്. ജന്മിമാർ നിർദേശിക്കുന്നവർ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമാകുന്ന പതിവുരീതികളെ കഴപുഴക്കിയുള്ള മുന്നേറ്റം 1950 ജൂലൈ 14നായിരുന്നു. തുടർന്നിങ്ങോട്ട് എല്ലാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മാത്രമായിരുന്നു ഇവിടെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാകട്ടെ 15 സീറ്റിൽ ഒന്നൊഴികെ മുഴുവൻ സീറ്റും എൽഡിഎഫിനായിരുന്നു. നാല് വാർഡിൽ എതിരില്ലാതെ ഇടതുപക്ഷ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. 1961 ഡിസംബർ 31നാണ് കയ്യൂർ – ചീമേനി പഞ്ചായത്ത് രൂപീകൃതമായത്. എൻ നാരായണ വാര്യരായിരുന്നു ആദ്യ പ്രസിഡന്റ്. കയ്യൂർ– ചീമേനിയിലും ബേഡഡുക്കയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും എൽഡിഎഫിനായിരുന്നു. കയ്യൂർ ചീമേനിയിൽ ഒരു വാർഡിൽ എൽഡിഎഫിന് എതിരുണ്ടായില്ല. അവിഭക്ത ബേഡഡുക്ക പഞ്ചായത്ത് വിഭജിച്ച് രണ്ടായിരത്തിൽ ബേഡഡുക്ക, കുറ്റിക്കോൽ എന്നീ പഞ്ചായത്തുകളായി. ഇതിനുശേഷവും എല്ലാ തെരഞ്ഞെടുപ്പിലും ബേഡഡുക്കയിൽ എൽഡിഎഫാണ് അധികാരത്തിലെത്തിയത്. കോൺഗ്രസ് കുത്തക തകർത്ത് 46 വർഷമായി കിനാനൂർ കരിന്തളത്തും കോടോം ബേളൂരിലും ഇടതുപക്ഷം അധികാരത്തിൽ തുടരുന്നു.









0 comments