കൃഷി യന്ത്രവൽക്കരണ പദ്ധതി തുടരുന്നു
അധ്വാനം കുറയും, വരുമാനം നിറയും

കെ വി രഞ്ജിത്
Published on Jan 10, 2025, 10:41 PM | 2 min read
കാസർകോട്
അമിതമായ അധ്വാനഭാരമില്ലാതെ സ്വയം കൃഷിചെയ്യാൻ യന്ത്രങ്ങൾ തുണയായാലോ. ചെറുകിടകർഷകർക്ക് അധ്വാനഭാരം കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും പലവിധ യന്ത്രങ്ങൾ വിപണിയിലുണ്ടെങ്കിലും ഗ്രാമീണ കർഷകരിൽ പലർക്കും ഇവയെക്കുറിച്ചറിയില്ല. കേരളത്തിൽ ചിലസ്ഥലത്ത് ടാപ്പർമാരെ കിട്ടാനില്ലാതെ വരുമ്പോൾ പല റബർകർഷകർക്കും വരുമാനം നിലക്കാതിരിക്കുന്നത് ടാപ്പിങ് മെഷീനുള്ളതുള്ളതിനാലാണ്. പല തൊഴുത്തുകളിലേയും കറവക്കാരൻ യന്ത്രമാണ്. റബർ ടാപ്പിങിനായി ടാപ്പിങ് മെഷീനും മുറ്റം വൃത്തിയാക്കാൻ ബ്ലോവറും റബർതോട്ടത്തിലെ കളനശീകരണം, മരുന്നടി, മരം മുറിക്കൽ എന്നിങ്ങനെ എല്ലാ ജോലികൾക്കും യന്ത്രങ്ങൾ സബ്‌സിഡി വഴിലഭിച്ചാലോ. കർഷകർക്ക് ചിലവും അധ്വാനഭാരവും കുറയും. ബ്രഷ് കട്ടറും ഡ്രോണും ഡ്രയറുമൊക്കെ കൃഷിക്കാരുടെ തോഴന്മാരായി മാറുന്ന കാലത്ത് ഇവയെല്ലാം പദ്ധതിയിലൂടെ 40 മുതൽ 80 ശതമാനം സബ്‌സിഡിയിലൂടെ ലഭിക്കും. 15 എച്ച്‌പി വരെയുള്ള പമ്പ് സെറ്റ്, മെതി, കൊയ്‌ത്ത്, കുഴിയെടുക്കൽ, കളപറിക്കൽ, കാടുവെട്ടൽ, വൈക്കോൽ കെട്ടൽ, തെങ്ങ് കയറ്റം എന്നിവയ്‌ക്കുള്ള യന്ത്രങ്ങൾ, മിനി റൈസ് മിൽ , ഓയിൽ മിൽ, സോളാർ ഡ്രയർ തുടങ്ങി അമ്പതോളം യന്ത്രങ്ങൾക്കാണ് സബ്‌സിഡി.
കൃഷിയോടൊപ്പം സംരംഭകനുമാകാം
കൃഷി സുഗമമാക്കുന്നതിനൊപ്പം സംരംഭസാധ്യതയായും വരുമാനമാർഗമായും കാർഷിക ഉപകരണങ്ങൾ മാറും. കൂടുതൽ ആവശ്യക്കാരുള്ള ഉപകരണങ്ങൾ വാടകയ്ക്കുനൽകിയോ കൃഷിപ്പണി ചെയ്തുനൽകിയോ വരുമാനം കണ്ടെത്താം. കാർഷികയന്ത്രവൽക്കരണത്തെ ട്രാക്ടറിലും ടില്ലറിലുംമാത്രം തളച്ചിട്ടിരുന്ന കേരളത്തിലേക്ക് കോടിക്കണക്കിനുരൂപയുടെ യന്ത്രങ്ങൾ സബ്‌സിഡി നിരക്കിൽ എത്തിക്കുന്ന പദ്ധതിക്കാണ് കേന്ദ്ര കൃഷിവകുപ്പിന്റെ സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ചത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 തൽ 80 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എസ്എച്ച്ജികൾ, എഫ്പിഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾസ്ഥാപിക്കാൻ പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും, യന്ത്രവൽക്കരണതോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കാൻ ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കാൻ കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം നിരക്കിൽ എട്ടുലക്ഷം രൂപയുടെ സഹായവുമാണ് ലഭിക്കുക. കാര്യമായ വൈദഗ്ധ്യമില്ലാത്തവർക്കപോലും തനിയെ പ്രവർത്തിപ്പിക്കാവുന്നവയാണ് പല യന്ത്രങ്ങളും. സ്വന്തം ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും ചേർന്ന ചെറുയന്ത്രങ്ങൾ കണ്ടെത്തിയാൽ അധ്വാനഭാരമില്ലാത്തെ സ്വയം കൃഷി ചെയ്യാം. അതിഥിതൊഴിലാളികൾ തിരികെപ്പോയാലും കൃഷി തുടരാൻ തുണയാകുന്നതും ഇത്തരം യന്ത്രങ്ങളാണ്. ഉപകരണങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്മാം പദ്ധതിയിൽ അപേക്ഷ http://agrimachinery.nic.in/index മുഖേന നൽകാം.ഫോൺ : 7736421546, 9567894020.









0 comments