കണ്ടക്ടർ ജോലിയിൽ നാല് പതിറ്റാണ്ട്
ബാലകൃഷ്ണന് സൗഹൃദം സമ്പാദ്യം

കണ്ടക്ടർ ബാലകൃഷ്‌ണൻ
ടി കെ പ്രഭാകരകുമാര്‍
Published on Dec 31, 2024, 11:28 PM | 1 min read
കാഞ്ഞങ്ങാട്
ബസ് യാത്രക്കിടയിൽ പരിചയപ്പെടുന്നവർക്കെല്ലാം പ്രിയങ്കരനാണ് കണ്ടക്ടർ ബാലേട്ടൻ. ഉദുമ എരോൽ സ്വദേശിയായ ബാലകൃഷ്ണൻ ബസ് കണ്ടക്ടറായി ജോലി തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു. കൃത്യമായി പറഞ്ഞാൽ 42 വർഷം. ഈ കാലത്തിനിടയിൽ പല ബസ്സുകളിൽ ജോലി ചെയ്‌തു. കാഞ്ഞങ്ങാട് -–- ബേക്കൽ–- -പെരിയാട്ടടുക്കം–- -കാസർകോട് റൂട്ടിലോടുന്ന ദേവി പ്രസാദ് ബസിലെ കണ്ടക്ടറാണിപ്പോൾ. ബസ് സർവീസ് കുറവായിരുന്ന 1982 ലാണ് ബാലകൃഷ്ണൻ കണ്ടക്ടർ ജോലി തുടങ്ങുന്നത്. കെബിടി ബസിലാണ് തുടക്കം. 20 വർഷം അതിൽ ജോലി ചെയ്തു. ഈ ബസ് തലപ്പാടി -കണ്ണൂർ റൂട്ടിൽ എക്സ്പ്രസ് ആയാണ് സർവീസ് നടത്തിയത്. അന്ന് കാസർകോട് ജില്ല രൂപീകരിച്ചില്ല. ഇവിടെയുള്ളവർ പല ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനമായ കണ്ണൂരിനെ ആശ്രയിച്ച കാലം. മിക്കവരും കെടിബി ബസ്സിലായിരുന്നു യാത്ര. തലപ്പാടിയിൽനിന്നും കണ്ണൂരിലേക്കുള്ള സർവീസിനിടെ ബാലകൃഷ്ണൻ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ വലുതാണ്. അതിൽ എംഎൽഎമാരും പ്രമുഖരായ രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഒക്കെ ഉൾപ്പെടും. മുൻ മന്ത്രി ഡോ. എ സുബ്ബറാവു, മുൻ എംഎൽഎ പി രാഘവൻ,എന്നിവർ അക്കാലത്ത് കെബിടി ബസിലെ സ്ഥിര യാത്രക്കാരായിരുന്നു. ബസ് നിർത്തിയതോടെ 2003ൽ ബാലകൃഷ്‌ണൻ എസ്‌എംഎസ് ബസിലെ കണ്ടക്ടറായി. 10 വർഷം അതിൽ ജോലി ചെയ്‌തു. കാഞ്ഞങ്ങാട് -–-ബങ്കളം -കല്യോട്ട് റൂട്ടിലായിരുന്നു ബസിന്റെ യാത്ര. അക്കാലത്ത് റോഡിൽ നിറയെ കുഴിയുണ്ടായിരുന്നതിനാൽ ദുർഘട യാത്രയിൽ ആളുകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ബാലകൃഷ്ണൻ ഇന്നും ഓർക്കുന്നു. കല്യോട്ട്, താന്നിയടി ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർ വിറകും വാഴക്കുലയും അടക്കകളും മറ്റും ബസിൽ കയറ്റും. ക്ഷമയോടെ ഈ സാധനങ്ങളെല്ലാം ബസിൽ വയ്‌ക്കാനുള്ള സൗകര്യം ബാലകൃഷ്ണൻ ചെയ്തുകൊടുക്കും. കൃഷി ഉപജീവനമാർഗമാക്കിയവരാണ് അന്ന് ഏറെപ്പേരും. ദേവിപ്രസാദ് ബസിൽ കണ്ടക്ടറായി തുടരുമ്പോഴും ബാലകൃഷ്ണന്റെ യാത്രക്കാരോടുള്ള സ്നേഹവും സൗഹൃദവും അതുപോലെ തുടരുന്നു. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരോട് വിനയത്തോടെയേ പെരുമാറൂ. ബസ്സുകളിൽ ടിക്കറ്റ് മെഷീൻ വ്യാപകമായെങ്കിലും ടിക്കറ്റ് ബുക്കിനോടാണ് ബാലകൃഷ്‌ണന് ഇന്നും താ ൽപര്യം.









0 comments