അരങ്ങോർമയായ് അഴീക്കോടൻ
അണയാതെ ചെന്താരകം ജ്വലിക്കുന്നു

കെ വി രഞ്ജിത്
Published on Sep 23, 2025, 03:00 AM | 2 min read
പിലിക്കോട്
വേദിയാകെ പൊതിഞ്ഞുനിൽക്കുന്ന കൂരിരുട്ട്. മൂലയിൽ മുനിഞ്ഞുകത്തുന്ന പെട്രോമാക്സ് വെളിച്ചം. അതിനൊപ്പം മങ്ങിയ വൈദ്യുത ബൾബുകളും ഇരുട്ടിനെ കീറിമുറിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനാവുന്നില്ല. അന്നേരം ഇടിമുഴക്കം പോലൊരു വാക്ക് ജനാവലിയെ തൊട്ടുണർത്തി "സഖാക്കളേ’ എന്ന അഭിസംബോധന നാടാകെ അലയടിച്ചു. അന്നുവരെ രംഗവേദിയിൽ കയറാതിരുന്ന അഴീക്കോടൻ രാഘവൻ മരണത്തിനുശേഷം തന്റെ സഖാക്കളെ ‘കാണാനെ' ത്തിയതായിരുന്നു ആ അരങ്ങിൽ ... കാണികളാരും അഴീക്കോടനെ കണ്ടില്ലെങ്കിലും കണ്ടതുപോലെയായിരുന്നു വേദിയിൽ അലയടിച്ച ശബ്ദം. 1972 സെപ്തംബർ 23ന് ഇരുട്ടിന്റെ സന്തതികൾ കൊലപ്പെടുത്തിയ അഴീക്കോടൻ രാഘവന്റെ ജീവിതകഥ പറഞ്ഞ ‘ഇരുട്ടിന്റെ സന്തതികൾ' നാടകം ഒന്നാം രക്തസാക്ഷിത്വ ദിനമായ 1973 സെപ്തംബർ 23 ന് രംഗത്തവതരിപ്പിച്ചത് മാണിയാട്ട് ലേബേഴ്സ് ക്ലബ്. അതുവരെ കാണാത്ത മട്ടിലുള്ളതായിരുന്നു ആ നാടകാഖ്യാനം. എല്ലാ പരിമിതികളെയും വകഞ്ഞുമാറ്റിയ രംഗസജ്ജീകരണം. ഫ്ലാഷ്ബാക്കിൽ തുടങ്ങി പ്രധാന കഥാപാത്രത്തിന്റെ ശബ്ദത്തിലൂടെ, കൊലപാതകികളുടെ മുഖംമൂടി അഴിച്ചുമാറ്റി നാടകം. പ്രധാന കഥാപാത്രമായ കൃഷിക്കാരനായ രാമൻ നായരെ അവതരിപ്പിച്ചത് മുതിർന്ന സിപിഐ എം നേതാവ് എം വി കോമൻ നമ്പ്യാർ. "തൊഴിലാളിവര്‍ഗത്തിന്റെ ധീരപുത്രനായിരുന്നു അഴീക്കോടന്‍ രാഘവന്‍. അവകാശ സമരങ്ങളുടെ തീച്ചൂളയില്‍ ഉരുകിയുറച്ച കമ്യൂണിസ്റ്റ്. ലാളിത്യവും സമരവീര്യവുമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിമുദ്ര. പോരാട്ടങ്ങളിലൂടെ അദ്ദേഹം അറിവുനേടി സംഘടനാതത്ത്വങ്ങള്‍ പഠിച്ചു. ജനനായകനായി വളർന്ന അഴിക്കോടന്റെ ജീവിതകഥയും ഭരണകൂടത്തിന്റെ ചെയ്തികളും പുതുമയാർന്ന ആഖ്യാനത്തിൽ അവതരിപ്പിക്കുകയായിരുന്നു നാടകമെന്ന് കോമൻ നമ്പ്യാർ പറഞ്ഞു. നാടകമാരംഭിക്കുക്കുമ്പോൾ വേദിയുടെ മുകൾ വശത്തുനിന്ന് താഴേക്ക് നീങ്ങുന്ന ജ്വലിക്കുന്ന അരിവാൾ ചുറ്റി നക്ഷത്രം.... അതിനൊപ്പം രക്തസാക്ഷി സ്തൂപം. സംവിധായകനായ കെ ചന്തൻകുഞ്ഞിയെന്ന കെ സി കുട്ടിയുടെ കലാമികവിൽ ആദ്യ രംഗം മിന്നിയപ്പോൾ പിന്നണിയിൽ അഴീക്കോടന്റെ ഗാംഭീര്യ ശബ്ദം. രാമൻ നായരിലൂടെ അഴീക്കോടൻ രാഘവന്റെ സമരകഥ രംഗത്ത്. നിർമാണത്തൊഴിലാളിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കണിച്ചുകുളങ്ങര കുഞ്ഞമ്പുവാണ് നാടകരചന. സരസ സംഭാഷണങ്ങളും സംവിധാന മികവും നാടകത്തെ പിന്നീടും വേദികളിലെത്തിച്ചു. പി വി കുഞ്ഞിക്കണ്ണൻ, കണിച്ചുകുളങ്ങര ഗോപാലൻ, കെ കുഞ്ഞിക്കണ്ണൻ, കെ കുമാരൻ, രാഘവൻ മാണിയാട്ട്, സാവിത്രി കിനാത്തിൽ തുടങ്ങി നിരവധി പേർ അഭിനയിച്ചതായും കോമൻ നമ്പ്യാർ ഓർക്കുന്നു. 1972 സെപ്തംബർ 23ന് രാത്രി അഴീക്കോടന്റെ കൊലപാതകത്തിനെതിരെ രംഗാവതരണത്തിലൂടെ പ്രതികരിച്ച ആദ്യ നാടകമാണിത്. തെറ്റിനെതിരെ ഉടൻ പ്രതികരിക്കാനുള്ള സാമൂഹ്യബോധമാണ് കമ്യൂണിസ്റ്റ് തൊഴിലാളി കൂട്ടായ്മയിലൂടെ രൂപീകരിക്കപ്പെട്ട ലേബേഴ്സ് ക്ലബ് നാടകത്തിലൂടെ ഉയർത്തിപ്പിടിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, അവിഭക്ത നീലേശ്വരം, തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി, കർഷകസംഘം ജില്ലാസെക്രട്ടറി, മാണിയാട്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കോമൻ നമ്പ്യാർ എഴുത്തും വായനയുമായി സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമാണ്.









0 comments