തളരില്ല; കൃഷിയിൽ 
ജീവിതം തളിരിടുന്നു

പെരിയ വയറവള്ളിയിലെ പി രാധാകൃഷ്ണൻ കൃഷിയിടത്തിൽ

പെരിയ വയറവള്ളിയിലെ പി രാധാകൃഷ്ണൻ കൃഷിയിടത്തിൽ

avatar
ടി കെ പ്രഭാകരകുമാര്‍

Published on Mar 10, 2025, 03:00 AM | 1 min read


പെരിയ

വാഹനാപകടത്തിൽ ഒരു കൈ തളർന്നിട്ടും കൃഷിയിലൂടെ ജീവിതം തിരിച്ചുപിടിച്ച്‌ പെരിയ വയറവള്ളിയിലെ പി രാധാകൃഷ്ണൻ. 10 വർഷം മുമ്പ് പെരിയയിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപകനായിരുന്നു രാധാകൃഷ്ണൻ. ആ സമയത്തും ചെറുതായി കൃഷി ചെയ്തിരുന്നു. അധ്യാപകജോലി അവസാനിപ്പിച്ച് മുഴുവൻ സമയവും കൃഷിയിൽ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് കുണിയ ചെരുമ്പയിലുണ്ടായ വാഹനാപകടത്തിൽ രാധാകൃഷ്ണന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായത്. രാധാകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം. വലതുകൈക്ക് നാല് ശസ്ത്രക്രിയ നടത്തി. എന്നാൽ കൈയുടെ ചലനശേഷി തിരിച്ചുകിട്ടിയില്ല. എന്നാൽ രാധാകൃഷ്ണൻ തളർന്നില്ല. കൃഷിയിൽ കൂടുതൽ സജീവമായി. ഇപ്പോൾ രാധാകൃഷ്ണന്റെ പറമ്പ് പച്ചക്കറി കൃഷികളാൽ സമ്പന്നം. സ്വന്തമായുള്ള മൂന്നേക്കർ സ്ഥലത്ത് ഒരേക്കറോളം പറമ്പാണ് പച്ചക്കറിക്ക്‌ നീക്കിവച്ചത്. രണ്ടേക്കർ സ്ഥലത്ത് ആയിരത്തോളം കവുങ്ങും എൺപതോളം തെങ്ങും വാഴയും ഒക്കെയുണ്ട്. പറമ്പിലെ കുഴൽക്കിണറിലെ വെള്ളം ഉപയോ​ഗിച്ചാണ് ജലസേചനം. പശുവളർത്തലുള്ളതുകൊണ്ട് കൃഷിക്ക് ജൈവവളം ലഭിക്കുന്നു. വേനൽക്കാലത്ത് കൂടുതലും കൃഷി ചെയ്യുന്നത് പയറുവർ​ഗങ്ങളാണ്. വെണ്ട, വഴുതന, കക്കരി, ചീര, പാവയ്ക്ക, പച്ചമുളക് തുടങ്ങിയ കൃഷിയുമുണ്ട്. നരമ്പൻ, പടവലങ്ങ, കക്കരി തുടങ്ങിയവയാണ് മഴക്കാലത്ത് കൂടുതലും കൃഷി ചെയ്യുന്നത്. പയറുവർഗങ്ങൾക്കിടയിൽ ചെണ്ടുമല്ലി കൃഷിയുമുണ്ട്. കീടബാധ ചെറുക്കാൻ ഇത് സഹായകമാണെന്ന് രാധാകൃഷ്ണൻ പറയുന്നു. ഭാര്യ കെ പുഷ്പയും സഹായത്തിനുണ്ട്‌. പെരിയ കൃഷി ഭവന്റെ സഹായവും നിർദേശവും ലഭിക്കുന്നു. സി പി ഐ എം പെരിയ മൂന്നാംബ്രാഞ്ച് സെക്രട്ടറിയായ രാധാകൃഷ്ണൻ പെരിയ ക്ഷീരോൽപ്പാദകസഹകരണസംഘം ഡയറക്ടർ കൂടിയാണ്. മക്കളായ വൈഷ്ണവും വിഷ്ണുജയും വിദ്യാർഥികളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home