കയ്യൂരിലെ വാഴക്കർഷകർ കണ്ണീർപാടത്ത്‌

കയ്യൂരിൽ മൂപ്പെത്താത്ത നേന്ത്രവാഴക്കുലകൾ കൃഷിയിടത്തിൽ വെട്ടിവച്ചനിലയിൽ
avatar
പി വിജിൻദാസ്‌

Published on Jun 18, 2025, 02:30 AM | 1 min read

കയ്യൂർ

വിയർപ്പ്‌ വീണ മണ്ണിൽ മഴവെള്ളത്തിനൊപ്പം കയ്യൂരിൽ വാഴക്കർഷകരുടെ കണ്ണീരും. പെരുമഴയിൽ വെള്ളം കയറിയതോടെ കുലച്ച നേന്ത്രവാഴക്കുലകൾ മൂപ്പെത്താതെ വെട്ടി വച്ചിരിക്കുകയാണ്‌ നിരവധി കർഷകർ. മൂപ്പെത്താത്ത കുലകൾക്ക്‌ വിപണിയിൽ തുച്ഛ വിലയേ ലഭിക്കൂ. വെട്ടിയ കുലകളെല്ലാം വിപണിയിൽ വിൽക്കാനുമാവില്ല. ഇതോടെ കറിയുണ്ടാക്കാൻ വാഴക്കായ വേണോ എന്ന്‌ ചോദിച്ച്‌ നടക്കേണ്ട സ്ഥിതിയിലാണ്‌ കർഷകർ. കയ്യൂരിൽ എല്ലാം ഒറ്റ വിളയായാണ്‌ കൃഷി ചെയ്യുക. പാടങ്ങളിൽ വാഴക്കൃഷിയും പച്ചക്കറി കൃഷിയും നടത്തും. ആദ്യം പച്ചക്കറി വിളവെടുക്കുമെങ്കിലും വാഴക്കൃഷിയുടെ വിളവെടുപ്പിന്‌ അധിക സമയം ആവശ്യമായതിനാൽ അതിന്റെ വിളവെടുപ്പിനുശേഷം നെൽകൃഷിയും ആരംഭിക്കും. ഈ കൃഷിരീതിക്കാണ്‌ മഴ വില്ലനായത്‌. ജൂലൈയോടെ വിളവെടുക്കാനുള്ള കുലച്ച അയ്യായിരത്തോളം നേന്ത്ര വാഴകളാണിപ്പോൾ വെള്ളം കയറി നശിക്കുന്നതിന്‌ മുമ്പ്‌ വെട്ടിയെടുത്തത്‌. നാടൻ വാഴക്കുലയ്‌ക്ക്‌ വിപണിയിൽ നല്ല വില ലഭിക്കുമെങ്കിലും ഇത്തവണ പത്ത്‌ കുല പോലും നൽകാൻ സാധിച്ചില്ലെന്ന്‌ കർഷകർ പറയുന്നു. ഉപ്പുവെള്ളം കയറിയതും കാലവർഷം നേരത്തേ എത്തിയതും കൃഷിയെ ബാധിച്ചിരുന്നെങ്കിലും കർഷകർ അതിനെ അതിജീവിച്ചിരുന്നു. അതിതീവ്ര മഴ പെയ്‌തതോടെ വെള്ളക്കെട്ട്‌ രൂപപ്പെടുകയും വാഴകൾ കാറ്റിൽ കടപുഴകി വീഴാനും തുടങ്ങിയതോടെയാണ്‌ മൂപ്പെത്താത്ത കുലകൾ വെട്ടിയെടുക്കാൻ കർഷകർ തയ്യാറായത്‌.

അർഹമായ നഷ്‌ടപരിഹാരം നൽകണം

കാലവർഷത്തിൽ നാശം നേരിട്ട വാഴക്കർഷകർക്ക്‌ അർഹമായ നഷ്‌ടപരിഹാരം നൽകാൻ അധികൃതർ തയാറാവണമെന്ന് സിപിഐ എം കയ്യൂർ ലോക്കൽ സെക്രട്ടറി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കാലവർഷം നേരത്തേ എത്തിയതും അതിനെ തുടർന്ന്‌ വെള്ളം കയറി വാഴകൾ നശിക്കാൻ തുടങ്ങിയതുമാണ്‌ കർഷകരെ ദുരിതത്തിലാക്കിയത്‌. ഏക്കറുകളോളം പാടത്ത്‌ എല്ലാ വർഷവും കർഷകർ വാഴക്കൃഷി നടത്താറുണ്ട്‌. കൂടുതൽ ലാഭം പ്രതീക്ഷിച്ചല്ലെങ്കിലും കർഷകർ കൃഷിയെ ഉപേക്ഷിക്കാറില്ല. ഇത്തവണ വലിയ നഷ്‌ടമാണ്‌ ഉണ്ടായത്‌. കാറ്റിലും മഴയിലും നിരവധി വാഴ പൊട്ടി വീണു. ഇപ്പോൾ വെള്ളം കയറി വാഴ നാശത്തിന്റെ വക്കലെത്തിയപ്പോഴാണ്‌ പാകമെത്താത്ത കുലകൾ വെട്ടിയെടുക്കാൻ അവർ നിർബന്ധിതരായത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home