കമ്പി തുളച്ചുകയറി കാൽനാടയാത്രക്കാരന്‌ ഗുരുതര പരിക്ക്‌

സര്‍വീസ് റോഡരികിൽ നാട്ടിയ
ഇരുമ്പ് കമ്പികള്‍ ഭീഷണി

മാവുങ്കാലിനും മൂലക്കണ്ടത്തിനിടയില്‍ സര്‍വീസ് റോഡ് നടപ്പാതയില്‍ അപകട 
ഭീഷണി സൃഷ്ടിക്കുന്ന ഇരുമ്പുകമ്പികള്‍

മാവുങ്കാലിനും മൂലക്കണ്ടത്തിനിടയില്‍ സര്‍വീസ് റോഡ് നടപ്പാതയില്‍ അപകട 
ഭീഷണി സൃഷ്ടിക്കുന്ന ഇരുമ്പുകമ്പികള്‍

വെബ് ഡെസ്ക്

Published on Sep 17, 2025, 10:56 PM | 1 min read

മാവുങ്കാല്‍

മൂലക്കണ്ടത്തിനും മാവുങ്കാലിനും ഇടയില്‍ ദേശീയപാത സര്‍വീസ് റോഡ് നടപ്പാതയില്‍ ഉയര്‍ന്നുനില്‍ക്കുന്ന കന്പികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. കമ്പിയില്‍ തട്ടി കാല്‍നടയാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്നതും വാഹനങ്ങള്‍ക്ക് കേടുപാട്‌ സംഭവിക്കുന്നതും പതിവായി. ഓവുചാൽ നിർമാണത്തിന്റെ ഭാഗമായാണ് ഇവിടെ കമ്പികൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെ കാല്‍തെന്നി വീണ ആള്‍ക്ക് ശരീരത്തില്‍ ഇരുമ്പ് കമ്പി തുളച്ചുകയറി ഗുരുതര പരിക്കേറ്റു. മൂലക്കണ്ടം ഉന്നതിയിലെ ഗംഗാധരനാണ് (48) സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മാവുങ്കാൽ മുതൽ മൂലക്കണ്ടം വരെയുള്ള നടപ്പാതയിൽ ഓവുചാലിന് മുകളില്‍ പാകിയ കോൺക്രീറ്റ് സ്ലാബിലാണ് കൂർത്ത കമ്പികൾ ഉയര്‍ന്നുനിൽക്കുന്നത്. ഇത് മുറിച്ചുമാറ്റാൻ കരാറുകാർ തയ്യാറാകാത്തതാണ് അപകടത്തിനിടയാക്കുന്നത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ സഞ്ജീവിയെ കണ്ട് ഭാര്യ പ്രേമയോടൊപ്പം ഓട്ടോയിൽ മൂലക്കണ്ടത്തിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ഗംഗാധരൻ കോൺക്രീറ്റ് സ്ലാബിൽ കാല്‍ തട്ടി വീണത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി. ഗംഗാധരന്റെ വാരിയെല്ലിന് ഗുരുതര ക്ഷതമേറ്റിട്ടുണ്ട്. ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗംഗാധരന്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ജോലിക്ക് പോകാറില്ല. ഭാര്യ പ്രേമ മറ്റ് വീടുകളിൽ ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. ചികിത്സാ ചെലവിനായി വഴിയില്ലാതെ കുടുംബം ദുരിതത്തിലാണ്‌. ബിരുദ വിദ്യാർഥിനിയായ ഗ്രീഷ്മയുടെയും ആറാം തരം വിദ്യാര്‍ഥി വിഘ്നേഷിന്റെയും പഠനവും വഴിമുട്ടുന്ന അവസ്ഥയിലാണ്. മേഘ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Home