കുതിപ്പ് തുടരാൻ കുറ്റിക്കോൽ

ഡി വിൻലാൽ
Published on Nov 23, 2025, 11:09 PM | 1 min read
കുറ്റിക്കോൽ ഇടതുപക്ഷത്തിന് എന്നും കരുത്തേകിയ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് കുറ്റിക്കോൽ ഡിവിഷൻ. ഇവിടെ വിജയത്തെക്കാളുമുപരി വൻ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. കുറ്റിക്കോൽ, പനത്തടി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ബേഡഡുക്കയിലെ ആറു വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. ആകെയുള്ള 16 വാർഡുകളിൽ ഒമ്പതെണ്ണം നേടി കുറ്റിക്കോൽ പഞ്ചായത്തും 15 വാർഡുകളിൽ പത്തെണ്ണം നേടി പനത്തടി പഞ്ചായത്തും എൽഡിഎഫ് ഭരിക്കുന്നു. ബേഡഡുക്ക പഞ്ചായത്തിലെ ബേഡകം, അരിചെപ്പ്, പായം, മുന്നാട്, പെരിങ്ങാനം, പുലിക്കോട് വാർഡുകളും കുറ്റിക്കോൽ ഡിവിഷനിലാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിക്കോൽ, മുന്നാട്, പടുപ്പ്, പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പാണത്തൂർ, പനത്തടി ഡിവിഷനുകൾ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്നു. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളാണിവ. ജന്മി ഭൂപ്രഭുക്കന്മാർക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും ചെറുത്തുനിന്ന് പോരാടിയതിന്റെ ചരിത്രമുള്ള മണ്ണാണ് കുറ്റിക്കോൽ. ത്രിതല പഞ്ചായത്തുകൾ നടത്തിയ വൻ വികസന പ്രവർത്തനങ്ങളുയർത്തിയാണ് എൽഡിഎഫ് വോട്ടുതേടുന്നത്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗവും സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും കേരള ബാങ്ക് ഡയറക്ടറുമായ സാബു അബ്രഹാമാണ് എൽഡിഎഫ് സ്ഥാനാർഥി. എളേരിത്തട്ട് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും തുടർച്ചയായി മൂന്നുതവണ സർവകലാശാല യൂണിയൻ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടു. കാലിക്കറ്റ് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. എസ്‌എഫ്‌ഐ ജില്ലാപ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ആർഎസ്‌പിയുടെ കൂക്കൾ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. മനുലാൽ മേലത്താണ് ബിജെപി സ്ഥാനാർഥി. ആം ആദ്‌മി പാർടിക്കായി മുസ്തഫ മാണിമൂലയും രംഗത്തുണ്ട്.






![ylno2;]yyH](https://images-prd.deshabhimani.com/kumily-1763917912868-eeec18a0-fce3-4fcc-935a-6ceb5ec5509c-360x209.webp)


0 comments