മണ്ണെടുപ്പിന്റെ അളവിൽ പിഴവെന്ന് വാദം
പിഴയൊടുക്കാൻ മേഘയ്‌ക്ക് മടി

കാസർകോട്
ദേശീയപാത വികസനം മറയാക്കി ചെറുവത്തൂർ വീരമലക്കുന്നിൽനിന്ന് മണ്ണ് കൊള്ളയടിച്ച കരാറുകാരായ മേഘ കൺസ്‌ട്രക്‌ഷൻസ് പിഴത്തുക ഒടുക്കിയില്ല. ജനജീവിതത്തിന് ഭീഷണിയാകും വിധം അമിതമായി മലതുരന്ന് മണ്ണ് ഖനനം ചെയ്‌തതിന് ജിയോളജി വകുപ്പ് മേഘയ്‌ക്ക് 1.16 കോടി രൂപ പിഴ ചുമത്തിയിരുന്നു. പിഴയൊടുക്കേണ്ട അവസാന തീയതി ജൂലൈ 14 ആയിരുന്നു. അവസാന തീയതി കഴിഞ്ഞ ഒരുമാസമടുക്കുമ്പോഴും പിഴയടക്കാതെ നിയമനടപടികൾ നീട്ടിക്കൊണ്ടുവാനുള്ള ശ്രമത്തിലാണ് കരാറുകാർ. മണ്ണിടിച്ചതിന്റെ അളവ് നിർണയിച്ചതിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിയോളജി വകുപ്പിന് കത്തുനൽകിയത് ഇതിന്റെ ഭാഗമാണ്. 65,000 ക്യുബിക് മീറ്റർ മണ്ണ് നീക്കാനാണ് കരാറുകാർക്ക് അനുമതി നൽകിയിരുന്നത്. മണ്ണിടിച്ചൽ ഭീഷണി ഉണ്ടായതിന് പിന്നാലെ തഹസിൽദാർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയപ്പോൾ ഇൗ പരിധിയുടെ പല മടങ്ങ് മണ്ണ് കുഴിച്ചെടുത്തതായി കണ്ടെത്തി. നിയമാനുസൃതമായി മാത്രമാണ് മണ്ണ് നീക്കിയതെന്നായിരുന്നു അന്നും കരാർ കമ്പനിയുടെ വാദം. മണ്ണിടിച്ചതിന്റെ അളവ് നിർണയിച്ചതിൽ അപാകമുണ്ടെന്ന് കരാർ കമ്പനിയുടെ വാദത്തിൽ 13ന് ഹിയറിങ് തീരുമാനിച്ചിട്ടുണ്ട്. പിഴയടക്കുന്നതിൽ ജപ്‌തി ഉൾപ്പെടെയുള്ള തുടർ നടപടികൾക്കൊരുങ്ങുകയാണ് ജിയോളജി വകുപ്പ്. പിഴയൊടുക്കാനുള്ള നോട്ടീസിന് അളവ് നിർണയിച്ചതിൽ പിഴവുണ്ടെന്ന് വിശദീകരണം നൽകിയ സാഹചര്യത്തിലാണ് ഹിയറിങ് തീരുമാനിച്ചത്. ശാസ്‌ത്രീയമായാണ് മണ്ണെടുത്തതിന്റെ അളവ് നിർണയിച്ചതെന്നും ഇതിൽ പിഴവില്ലെന്നുമാണ് ജിയോളജി വകുപ്പിന്റെ നിലപാട്. ജപ്‌തി നടപടികളുടെ ഭാഗമായി കമ്പനി ഉടമസ്ഥതയിലുള്ള ഭൂമി നിർണയിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്തുനൽകിയിട്ടുണ്ട്. ഹിയറിങ് കഴിഞ്ഞ് ഇത്തരം നടപടികൾ ആരംഭിക്കും. ചാലിങ്കാലിലെ മണ്ണെടുപ്പിലും സമാനമായ വിവാദമുണ്ട്. ഇവിടെ 2.80 ഏക്കറിലെ മണ്ണ് കടത്തിയെന്ന പരാതിയിൽ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ഇവിടെനിന്ന് മണ്ണ് കടത്തിയത് മേഘയല്ലെന്നും ഹൈദരാബാദ് ആസ്ഥാനമായ മറ്റൊരു കമ്പനിയാണെന്നുമായിരുന്നു മേഘ വാദിച്ചത്. നേരത്തെ പുല്ലൂരിൽ അനുവദിച്ചതിലും കൂടുതൽ ദിവസങ്ങൾ മണ്ണ് നീക്കിയതിന് മേഘയ്‌ക്ക് പിഴ ചുമത്തിയിരുന്നു. 1.78 കോടി രൂപയാണ് ഏപ്രിൽ 30ന് മേഘ പിഴയൊടുക്കിയത്.









0 comments