ഇന്ന്‌ കർഷക ദിനം

കുട്ടിക്കളിയല്ല സാത്വികിന്‌ കൃഷി

സാത്വിക്‌ കൃഷ്‌ണ കൃഷിയിടത്തിൽ
avatar
പി വിജിൻദാസ്‌

Published on Aug 17, 2025, 02:30 AM | 1 min read

ചെറുവത്തൂർ

മണ്ണിന്റെ മണവും ചേറ്‌ നൽകുന്ന ചോറും ചെറുപ്രായത്തിലേ അവനറിയാം. അതുകൊണ്ടാണ്‌ മണ്ണിലും ചേറിലും തന്റെ ബാല്യത്തെ കൂട്ടിയിണക്കുന്നത്‌. ക്ലായിക്കോട്ടെ എം ബിന്ദുവിന്റെയും എ നന്ദകുമാറിന്റെയും മകൻ സാത്വികിന്‌ കൃഷിയോടുള്ള ആത്മബന്ധം ആരെയും അത്ഭുതപ്പെടുത്തും. ഭിന്നശേഷിക്കാരനും എൻഡോസർഫാൻ ദുരിതബാധിതനുമായ അച്ഛന്റെയും കുലിപ്പണിയെടുത്ത്‌ കുടുംബം നയിക്കുന്ന അമ്മയുടെയും ദൈന്യത അവന്റെ മനസിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ടാകും. അതോടൊപ്പം കൃഷിയോട്‌ ചേർന്നുനിൽക്കുന്ന കുടുംബം നൽകിയ പാഠമാകാം അവനെ കൃഷിയോട്‌ അടുപ്പിച്ചത്‌. വീട്ടുപറമ്പിലെ തെങ്ങിനും കവുങ്ങിനും വളമിടലും പരിപാലനവും സാത്വിക്‌ തുടങ്ങിയിട്ട്‌ വർഷങ്ങളായി. അമ്മൂമ്മയോടും അമ്മയോടുമൊപ്പം പശു പരിപാലനത്തിനും വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിക്കും അവനുണ്ടാകും. നെൽകൃഷിയുടെ കാലമാകുമ്പോൾ സ്വന്തമായുള്ള പാടത്ത്‌ കർഷകർക്കൊപ്പം ഇ‍ൗ കുഞ്ഞ്‌ കർഷകന്റെ കാലും ചെളിയിൽ പുതയും. വിത്തെറിയാനും വളമിടാനുമുള്ള ആ കുഞ്ഞു കൈകളുടെ വൈഭവം പറഞ്ഞറിയിക്കാനാവില്ല. സ്‌കൂൾ സമയം കഴിഞ്ഞാൽ മുഴക്കോം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാലളക്കുന്നതും സാത്വികാണ്‌. ഓണത്തിനായുള്ള പച്ചക്കറിക്കൃഷി വീട്ടുപറമ്പിൽ ആരംഭിച്ചിരിക്കുകയാണിപ്പോൾ. മുഴക്കോം ഗവ. യുപി സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥിയാണ്‌ സാത്വിക്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home