ദ്രുതകര്‍മസേന തിരച്ചില്‍ ഉൗര്‍ജിതമാക്കി
പെരിയയില്‍ പുലിയുണ്ടെന്ന് ഉറപ്പിച്ച് വനം വകുപ്പും

പെരിയ
പെരിയയില്‍ പുലി സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പധികൃതര്‍. കഴിഞ്ഞ ദിവസം രാത്രി സിവില്‍ എൻജിനീയര്‍ പെരിയ എച്ചിക്കുണ്ടിലെ ഇ മനോജ്കുമാറിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് പുലിയുണ്ടെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രാത്രി മനോജ്കുമാറിന്റെ വീട്ടുമുറ്റത്തെ സിസിടിവി പരിശോധിക്കുമ്പോഴാണ് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് സമീപത്ത് പുലിയുടെ ദൃശ്യം കണ്ടത്. ആദ്യം ഗേറ്റിനടുത്തും പിന്നീട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് പിറകുവശത്തേക്കും പുലി പോകുന്ന ദൃശ്യമാണ് കണ്ടത്. പുലി വീട്ടുവരാന്തയിലേക്ക് കയറുമെന്ന് ആശങ്കപ്പെട്ട മനോജ് കുമാര്‍ റിമോട്ട് ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ആക്കിയപ്പോഴുണ്ടായ ശബ്ദം കേട്ട് പുലി ഓടി മറയുകയായിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നിന്ന് വനംവകുപ്പിന്റെ ദ്രുതകര്‍മസേനയെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മനോജ്കുമാറിന്റെ പറമ്പിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ മൂന്നേക്കറോളം വരുന്ന സ്ഥലം കാടുമൂടിയ നിലയിലാണ്. ഇവിടെ നടത്തിയ തിരച്ചിലില്‍ പുലിയുടെ കാല്‍പ്പാട് കണ്ടെത്തി. പുലിയെ കണ്ട പ്രദേശത്ത് വരും ദിവസത്തിൽ നിരീക്ഷണം ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ പറഞ്ഞു. രണ്ട് മാസം മുന്പ് പെരിയ കേന്ദ്രസർവകലാശാല കാമ്പസിൽ പുലിയെ കണ്ടതിനെ തുടർന്ന് എക്സ്പെർട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകൾ യോജിച്ചുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. അന്ന് കൂട് വയ്‌ക്കാനുള്ള നടപടിയുമായി മുന്നോട്ടു പോയതാണ്. പിന്നീട് പുലിയെ കണ്ടതായുള്ള വിവരം കിട്ടാതിരുന്നതിനാലാണ് അത് സ്ഥാപിക്കാതിരുന്നത്. സ്ഥിരമായി ഒരിടത്ത് പുലി സാന്നിധ്യം ഉണ്ടായാൽ മാത്രമേ കൂട് വയ്‌ക്കുന്നത് പ്രയോജനപ്പെടുവെന്നും വീണ്ടും എക്സ്പെർട്ട് കമ്മിറ്റി വിളിക്കുമെന്നും ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.









0 comments