സ്‌കൂളിലുമുണ്ട് ‘അമ്മത്തണൽ’

കാസർകോട്
കുട്ടികൾ സ്‌കൂളുകളിലേക്ക് പോയി തിരിച്ചെത്തുന്നതുവരെ അമ്മമാർക്ക് ടെൻഷനാണ്. സ്‌കൂളുകളിലെ കുട്ടികളുടെ ഭക്ഷണ രീതി, സുരക്ഷ, പെരുമാറ്റം അങ്ങനെ ആശങ്കകൾക്കുള്ള കാരണങ്ങളേറെ. പക്ഷേ ഇനി ഈ ശങ്കവേണ്ട. വിദ്യാർഥികൾക്ക് അമ്മയുടെ കരുതൽ ഒരുക്കുകയാണ് കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും ചേർത്തൊരുക്കുന്ന ‘മാ കെയർ' സെന്ററുകൾ. സ്‌കൂളുകളിലെത്തിയാൽ കുട്ടികൾ പല ആവശ്യങ്ങൾക്കും കോമ്പൗണ്ടിന് പുറത്തുപോകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജില്ല കുടുംബശ്രീ മിഷൻ ‘മാ കെയർ’ പദ്ധതി തുടങ്ങിയത്. സ്‌കൂൾ കോമ്പൗണ്ടിന് അകത്ത് പ്രവർത്തിക്കുന്ന സെന്ററുകളിൽ പോഷക സമ്പൂർണ്ണമായ ലഘുഭക്ഷണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ പെൺകുട്ടികൾക്കായുള്ള നാപ്കിൻ തുടങ്ങിയ എല്ലാ ആവശ്യവസ്തുക്കളും ലഭിക്കും. ഇതു വഴി കുട്ടികൾ സ്‌കൂളിന് പുറത്തുനിന്ന് അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാർത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾ തടയാം. രാവിലെ 7.30 മുതൽ വൈകുന്നേരം 6.30 വരെ പ്രവർത്തിക്കുന്ന സെന്ററുകളിൽ വിപണി വിലയേക്കാൾ മിതമായ നിരക്കിലാണ് സാധനങ്ങൾ ലഭ്യമാക്കുക. 2023–- 24ൽ കാസർകോട് ജില്ലയിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി മാകെയർ ആരംഭിച്ചത്. ആശയം സംസ്ഥാനത്താകെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ മിഷനും വിദ്യാഭ്യാസ വകുപ്പും. ജില്ലയിൽ 16 വിദ്യാലയങ്ങളിലാണ് മാ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്.









0 comments