‘കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങളി’ലൂടെ
സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് പറക്കാം

സുരേന്ദ്രൻ കാടങ്കോടിന്റെ ‘കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ’ കഥാസമാഹാരം
പി വിജിൻദാസ്
Published on Oct 01, 2025, 02:15 AM | 1 min read
ചെറുവത്തൂർ ‘
ആരമ്പത്തീരമ്പത്തൂരമ്പത്ത്...’ എന്ന പാട്ട് കുഞ്ഞുണ്ണിയുടെ മനസിൽ അലയടിച്ചുകൊണ്ടിരുന്നു. അച്‌ഛൻ പറഞ്ഞുതരുന്ന കുമ്മാട്ടി സിനിമാക്കഥയിലെ ചിണ്ടനായി മാറിക്കൊണ്ടിരിക്കുകയാണോ എന്നുപോലും കുഞ്ഞുണ്ണിക്ക് അനുഭവപ്പെട്ടു. പട്ടിയും കൂട്ടിൽകിടന്ന് വീർപ്പുമുട്ടുന്ന തത്തയുമെല്ലാം മനസിൽ മിന്നിമറയുന്നു. ഒടുവിൽ മാനത്ത് ഒഴുകിപ്പറക്കുന്ന പക്ഷിയുടെ കാഴ്‌ചകൂടി മനസിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ കുഞ്ഞുണ്ണിയെന്ന കൊച്ചുകുട്ടി സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്നത് തെല്ലുനേരം കൊണ്ട് മനസിലാക്കി. അരവിന്ദന്റെ കുമ്മാട്ടി എന്ന സിനിമ മുന്നോട്ടുവച്ച ഇൗ ആശയം കുട്ടികളിലേക്ക് പകർന്ന അധ്യാപകനും കവിയുമായ സുരേന്ദ്രൻ കാടങ്കോടിന്റെ ‘കുഞ്ഞുണ്ണിയുടെ മീൻകുഞ്ഞുങ്ങൾ’ കഥ നാലാം ക്ലാസിലെ കേരള പാഠാവലി രണ്ടാംഭാഗത്തിൽ. വീട്ടിനടുത്തെ തോട്ടിൽനിന്നും മീൻകുഞ്ഞുങ്ങളെ തോർത്തുകൊണ്ട് പിടിച്ച് കുപ്പിയിലാക്കിയ കുഞ്ഞുണ്ണിക്ക് സ്വാതന്ത്ര്യം വിലമതിക്കാൻ പറ്റാത്തതാണെന്ന തിരിച്ചറിവ് നൽകാൻ അച്‌ഛൻ കുമ്മാട്ടിക്കഥ പറഞ്ഞുകൊടുക്കുന്നതാണ് പാഠഭാഗം. കഥയിലൂടെ തിരിച്ചറിവ് ലഭിക്കുന്ന കുഞ്ഞുണ്ണി മീനുകളെ സ്വതന്ത്രമാക്കുന്നു. മറ്റുള്ളവരുടെ വേദനകൾ നമ്മുടേതുമാകുന്നതും സ്വാതന്ത്യത്തിന്റെ വില എത്രത്തോളമാണെന്നും ബോധ്യപ്പെടുത്തുന്ന കഥ ‘നന്നാവാനൊന്നാവാം' യൂണിറ്റിലാണുള്ളത്. ‘കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾക്ക്’ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശ്ശേരി അവാർഡ് ലഭിച്ചിട്ടുണ്ട്. വയലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നിവയാണ് സുരേന്ദ്രൻ കാടങ്കോടിന്റെ മറ്റു കൃതികൾ. ചെറുവത്തൂർ ജിഎഫ് വിഎച്ച്എസ്എസിലെ അധ്യാപകനാണ്. പരേതനായ വാഴവളപ്പിൽ കുഞ്ഞിരാമന്റെയും -പുളുക്കൂൽ ജാനകിയുടെയും മകനാണ്. ഭാര്യ:സൗമ്യ. മക്കൾ: അലൻ നിവേദ്, നക്ഷത്ര.









0 comments