കടലാഴങ്ങളിൽ "കൈരളി'യും സത്താറിന്റെ ബാപ്പയും

എം അബ്ദുൾ സത്താർ
പി പ്രകാശൻ
Published on Jul 02, 2025, 02:30 AM | 2 min read
കാസർകോട്
നാലര പതിറ്റാണ്ട് മുമ്പാണ്. ജൂണിൽ തോരാതെ മഴ പെയ്‌ത നാൾ. പുലർച്ചെ ബാപ്പയുടെ കൈയും പിടിച്ച് അബ്ദുൾ സത്താർ എന്ന പതിനാലുകാരൻ തളങ്കരയിലെ വീട്ടിൽനിന്നിറങ്ങി. മാലിക് ദിനാർ പള്ളിയിൽ സുബഹ് നമസ്‌കാരവും കഴിഞ്ഞ് കാസർകോട് റെയിൽവേ സ്‌റ്റേഷനിലേക്ക്. അവിടെ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനിൽ ബാപ്പ അസൈനാർ കയറി. സത്താർ കൈവീശി യാത്രയാക്കി. ബാപ്പ ഇന്നോളവും തിരിച്ചെത്തിയില്ല. കാസർകോട് നെല്ലിക്കുന്നിലെ അബ്ദുള്ളയ്‌ക്കൊപ്പം കപ്പൽ ജോലിക്കായാണ് ഹസൈനാർ മുംബൈയിലേക്ക് പോയത്. കേരള ഷിപ്പിങ് കോർപറേഷന്റെ എം വി കൈരളി എന്ന കപ്പലിലെ സീമാനാണ് അദ്ദേഹം. മുംബൈയിലും പിന്നീട് ഗോവയിലും എത്തിയ വിവരം നാട്ടിലറിയിച്ചിരുന്നു. ഗോവയിൽനിന്ന് കിഴക്കൻ ജർമനിയിലെ റോസ്‌റ്റോക്കിലേക്ക് പുറപ്പെട്ട കപ്പൽ ലക്ഷ്യസ്ഥാനത്തെത്തിയില്ല. ഇന്ധനം നിറക്കാൻ ആഫ്രിക്കയിലെ ജിബൂത്തിയിൽ എത്തേണ്ട കപ്പൽ അവിടെയുമെത്തിയില്ല. എന്താണ് സംഭവിച്ചതെന്ന അന്വേഷണത്തിന് ഇന്നും ഉത്തരമില്ല. കൈരളി കപ്പലും സത്താറിന്റെ ബാപ്പയും കടലാഴങ്ങളിൽ മറഞ്ഞിട്ട് ജൂലൈ മൂന്നിന് 46 വർഷം പിന്നിടുന്നു. ഹസൈനാറുടെ രണ്ടാം വിവാഹത്തിലെ ഏക മകനാണ് എം അബ്ദുൾ സത്താർ. കാണാതായി രണ്ടുവർഷം കഴിഞ്ഞപ്പോൾ അസുഖം ബാധിച്ച് ഹസൈനാറുടെ ഭാര്യ റുഖിയ മരിച്ചു. അതിന് മുമ്പേ സത്താർ സ്‌കൂൾ പഠനം നിർത്തി കല്ലുകെട്ട് പണിക്ക് പോയിത്തുടങ്ങിയിരുന്നു. കൈരളി ഇന്നും കാണാമറയത്ത് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഷിപ്പിങ് കോർപറേഷന്റെ ഏക കപ്പലാണ് എം വി കൈരളി. നോർവേയിൽനിന്ന് 5.6 കോടി രൂപയ്‌ക്കാണ് കപ്പൽ വാങ്ങിയത്. 1979 ജൂൺ 30ന് മർഗോവയിൽനിന്ന് ജർമനിയിലെ റോസ്‌റ്റോക്കിലേക്ക് 20,538 ടൺ ഇരുമ്പയിരുമായി പുറപ്പെട്ടതാണ് കൈരളി. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്‌റ്റനായ കപ്പലിൽ 23 മലയാളികൾ ഉൾപ്പെടെ 51 പേർ ഉണ്ടായിരുന്നു. ജൂലൈ മൂന്നിന് രാത്രി എട്ടിനുശേഷം കപ്പലിൽനിന്ന് റേഡിയോ സന്ദേശമൊന്നും ലഭിച്ചില്ല. സത്താർ എന്ന സഹയാത്രികൻ എന്നെങ്കിലുമൊരു നാൾ ബാപ്പ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സത്താർ. അങ്ങനെയാണ് ബാപ്പയെ യാത്രയാക്കിയ റെയിൽവേ സ്‌റ്റേഷനിൽ രാത്രികളിൽ പതിവായി എത്തിത്തുടങ്ങിയത്. ട്രെയിനിറങ്ങി ലക്ഷ്യസ്ഥാനത്തെത്താനാവാതെ വിഷമിക്കുന്നവർക്കരികിലേക്ക് സ്‌കൂട്ടറുമായി സത്താറെത്തും. യാത്രക്കാരോട് എവിടേക്കാണ് എന്ന് ചോദിക്കും. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിക്കും. കാസർകോടിന്റെ രാത്രികളിലൂടെ സത്താറിന്റെ സ്‌കൂട്ടർ പ്രതിഫലമില്ലാതെ ഓടാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. കല്ലുകെട്ട് പണിയെടുത്താണ് പെട്രോളടിക്കുക. കൈരളി കപ്പലിന്റെ തിരോധനം പ്രമേയമാക്കി സിനിമയൊരുക്കുന്നതിനായി 2018ൽ ചലച്ചിത്രകാരന്മാരായ ജോൺപോളും കമലും സത്താറിന്റെ വീട്ടിലെത്തിയിരുന്നു. സത്താറിന്റെ ഭാര്യ സാഹിറ. മക്കൾ: ഷംസാദ്, ഷംസീർ, ഷംനാസ്, ഷംസീറ.









0 comments