തൊഴില്‍ നൈപുണ്യ പരിശീലനം ഉറപ്പാക്കും: ഡോ. തോമസ് ഐസക്

കാഞ്ഞങ്ങാട്
വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുന്‍ മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സംഘടിപ്പിച്ച നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചുള്ള പരിശീലനം നല്‍കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ സാധ്യതകള്‍ വികസിപ്പിക്കുന്നതിനായി പൂര്‍വ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. നൈപുണ്യ വികസന സെല്ലുകളും സ്ഥാപിക്കണം. ഈ സെല്ലുകള്‍ വഴി പൂര്‍വ വിദ്യാര്‍ഥികളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം, പരിശീലനം എന്നിവ നല്‍കാനും തൊഴില്‍ സാധ്യത കണ്ടെത്താനും കഴിയും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. എ.അശോകന്‍, പി സജിത്ത് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ രതീഷ് കുമാര്‍, കില ഫെസിലിറ്റേറ്റര്‍ കെ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. പി വി റീജ സ്വാഗതവും വിജ്ഞാനകേരളം ജില്ലാ മിഷന്‍ കോ-ഡിനേറ്റര്‍ കെ പി രഞ്ജിത്ത് നന്ദിയും പറഞ്ഞു.









0 comments