സുരക്ഷാ സൈറൺ മുഴങ്ങി
അടിയന്തര സാഹചര്യം നേരിടാൻ മോക്ഡ്രിൽ

കാസർകോട്
അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കെ ഏതു സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി ജില്ലയിലും അഞ്ചുകേന്ദ്രങ്ങളിൽ മോക് ഡ്രിൽ നടന്നു. ഏഴു കേന്ദ്രങ്ങളിൽ സുരക്ഷാ സൈറണും മുഴങ്ങി. സിവിൽ ഡിഫൻസ് സംവിധാനം വിലയിരുത്താനും പോരായ്മ ഉണ്ടെങ്കിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായാണ് മോക് ഡ്രിൽ നടന്നത്. സിവിൽ ഡിഫൻസ് സംവിധാനങ്ങളായ പൊലീസ് സേനാംഗങ്ങൾ, അഗ്നിരക്ഷാ സേനാംഗങ്ങൾ, ഹോം ഗാർഡുകൾ, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വളണ്ടിയർമാർ, ആംബുലൻസ്, ആശുപത്രികൾ, വിദ്യാർഥികൾ എന്നിവർ മോക് ഡ്രില്ലിന്റെ ഭാഗമായി. ആദ്യ സെെറൺ മുഴങ്ങിയത് വെെകിട്ട് 4.02 ന്. അനൗൺസ്‌മെന്റ് വാഹനങ്ങൾ മുന്നറിയിപ്പ് നൽകി കടന്നുപോയി. എന്ത് ചെയ്യണമെന്നറിയാതെ ചിലർ പരിഭ്രാന്തരായി. ഉടൻ അഗ്നിരക്ഷാസേന, പൊലീസ്, സിവിൽ ഡിഫൻസ് ഫോഴ്‌സ് തുടങ്ങിയവർ കുതിച്ചെത്തി. മിസൈൽ അക്രമണത്തിൽ കെട്ടിടം തകരുന്നതും അതിനുള്ളിലുള്ളവർ അപകടത്തിൽപ്പെട്ടതുമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയത്. സൈറൺ മുഴങ്ങിയതോടെ നിമിഷങ്ങൾക്കകം സ്‌ഫോടന ശബ്ദവും ആൾക്കൂട്ടത്തിന്റെ നിലവിളിയും ഉയർന്നു. സൈറൺ മുഴക്കി അഗ്നിരക്ഷാസേനയും മറ്റു സേനാവിഭാഗങ്ങളും സ്ഥലത്തെത്തി. രക്ഷപ്പെട്ടവർ കെട്ടിടത്തിൽ നിന്നും പുറത്തേക്കോടിയിറങ്ങി. തുടർന്ന് രക്ഷാപ്രവർത്തനവും. കുഡ്‌ലു സൈക്ലോൺ ഷെൽട്ടർ, കുമ്പള സൈക്ലോൺ ഷെൽട്ടർ, കാടങ്കോട് ജിഎഫ് വിഎച്ച്എസ്എസ്, അടുക്കത്ത് ബയൽ ജിയുപിഎസ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്, ഉദുമ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, പുല്ലൂർ എന്നിവടങ്ങളിലാണ് സൈറൺ മുഴങ്ങിയത്. കാസർകോട് സിവിൽ സ്റ്റേഷൻ, കാസർകോട്, കാഞ്ഞങ്ങാട് ആർഡിഒ ഓഫീസുകൾ, കാസർകോട് എൽഎസ്ജിഡി ഓഫീസ്, കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായിരുന്നു മോക്ഡ്രിൽ.









0 comments