കൊടും ചൂടും വേലിയേറ്റവും
തീരദേശത്തെ തെങ്ങുകൾ കരിഞ്ഞുണങ്ങി

തെക്കെക്കാട് കിഴക്കുഭാഗം തീരദേശത്ത് തെങ്ങുകൾ കരിഞ്ഞുണങ്ങിയ നിലയിൽ
പി മഷൂദ്
Published on Apr 29, 2025, 02:30 AM | 1 min read
തൃക്കരിപ്പൂർ
കൊടും ചൂടും വേലിയേറ്റവും കാരണം തീരദേശത്തെ തെങ്ങുകൾ നശിച്ചു. തെക്കെക്കാട് കിഴക്കുഭാഗം കായലിനോട് ചേർന്നുള്ള മേഖലയിലാണ് നൂറുകണക്കിന് തെങ്ങുകൾ കരിഞ്ഞുണങ്ങിയത്. ആറ് മാസമായി കായലിൽ നിന്നുള്ള വേലിയേറ്റം കരയിലേക്ക് വ്യാപിക്കുന്നുണ്ട്. ഇത്തവണ വേനൽ ചൂടും കടുത്തു. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ നന്നായി നെൽകൃഷി ചെയ്ത പ്രദേശമാണിത്. മഴക്കാലത്ത് വയലിലെ അമിതമായി വരുന്ന വെള്ളം കായലിലേക്ക് ഒഴുക്കി വിടാൻ ചെറിയ ചാലുകളോ തെങ്ങിൻ തടിയിൽ തീർത്ത പാത്തികളോ നിർമിച്ച് വയലിനെ സംരക്ഷിക്കുമായിരുന്നു. കൃഷി ലാഭകരമല്ലായതോടെ ചെറിയ ചാലുകൾ സംരക്ഷിക്കാതായി. ഇതോടെ ഉപ്പുവെള്ളം ചാലുകൾ വഴി വയലിൽ വ്യാപിക്കാൻ തുടങ്ങിയത് കൃഷി പൂർണമായും കർഷകർ ഉപേക്ഷിക്കുന്ന അവസ്ഥയായി. കിഴക്കു ഭാഗത്ത് മാത്രമായി പത്തിലേറെ ചെറുതും വലുതുമായ ചാലുകളിലൂടെ ഉപ്പുവെള്ളം വ്യാപിക്കുന്നതു കാരണമാണ് തെങ്ങ് കൃഷിയും നശിക്കാൻ കാരണമാവുന്നത്. ഉപ്പുവെള്ളം കയറുന്നത് പരിഹരിക്കാനുള്ള ഏക മാർഗം കായലിനും വയലിനും ഇടയിലൂടെയുള്ള റോഡ് നിർമാണമാണ്. ഇതിന് വാർഡ് സമിതി നേതൃത്വത്തിൽ പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. നീണ്ട നാളായി പടന്ന, ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഉപ്പുവെള്ളം കയറി തെങ്ങും മറ്റു കൃഷിയും നശിക്കാൻ തുടങ്ങിയിട്ട്. മാസങ്ങളായി മഴയില്ലാത്തതും നല്ല വെള്ളത്തിന്റെ ലഭ്യതക്കുറവും തെങ്ങുകളെ ബാധിച്ചു. തോട്ടങ്ങൾക്കും പറമ്പുകൾക്കും പുറമെ നെൽപ്പാടത്തെ വരമ്പുകളിലും കർഷകർ ആയിരക്കണക്കിന് തെങ്ങുകൾ വളർത്തുന്നുണ്ട്. കൊടും ചൂടിൽ ഇവയിൽ പലതിന്റെയും ഓലകൾ ഉണങ്ങി കൊഴിഞ്ഞുവീണ് തടി മാത്രമായി. നല്ല കായ്ഫലം നൽകുന്ന തെങ്ങുകളാണ് ഇവയെല്ലാം. സമയത്തിനു വെള്ളം ലഭിക്കാതെ നെൽകൃഷിയും നശിച്ച നഷ്ടത്തിനു പിന്നാലെ ഈ നഷ്ടവും പല കർഷകർക്ക് വൻതിരിച്ചടിയായി. തെങ്ങുകളുടെ വളർച്ച മുരടിക്കാനും ഇതിടയാക്കുമെന്ന് കർഷകർ പറഞ്ഞു. തീരദേശ റോഡ് യാഥാർഥ്യമായാൽ മാത്രമേ താൽകാലിക പരിഹാരമാകൂ. വയലിൽ ഉപ്പുവെള്ളം കയറിയത് കാരണം പരിസരത്തെ വീടുകളിലെ കിണറുകളിലും വേനലിൽ ഉപ്പുരസമാണ്.









0 comments