"തീയിൽ കുരുത്തവരുടെ, 
വെയിലത്ത് വാടാത്ത ജാഥ’’

1960ൽ എ കെ ജി നയിച്ച കർഷക ജാഥയിൽ പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ കയ്യൂർ മയ്യലിലെ എരോത്ത്‌ വീട്ടിൽ കൃഷ്‌ണൻ നായർ, ചെറിയാക്കരയിലെ പി കുഞ്ഞമ്പുവിന്‌ എഴുതിയ കത്ത്‌

1960ൽ എ കെ ജി നയിച്ച കർഷക ജാഥയിൽ പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ കയ്യൂർ മയ്യലിലെ എരോത്ത്‌ വീട്ടിൽ കൃഷ്‌ണൻ നായർ, ചെറിയാക്കരയിലെ പി കുഞ്ഞമ്പുവിന്‌ എഴുതിയ കത്ത്‌

avatar
പി പ്രകാശൻ

Published on Jun 30, 2025, 02:00 AM | 2 min read


കാസർകോട്‌

ഭൂപരിഷ്‌കരണ ബിൽ ഭേദഗതിചെയ്യാനുള്ള പട്ടം താണുപിള്ള സർക്കാറിന്റെ നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു 1960 ൽ കാസർകോട്‌ നിന്ന്‌ തിരുവനന്തപുരം വരെ എ കെ ജിയുടെ നേതൃത്വത്തിൽ കർഷക ജാഥ സംഘടിപ്പിച്ചത്‌. കാസർകോട്ടുനിന്ന്‌ ആരംഭിച്ച ജാഥയ്‌ക്ക്‌ ജൂണിൽ 65 വർഷം പൂർത്തിയാവുന്നു. ജന്മിമാർക്കും ധനിക കർഷകർക്കുമായി കേരള കാർഷിക ബന്ധബിൽ ഭേദഗതി ചെയ്യുന്നതിനെതിരെയായിരുന്നു ചരിത്രപ്രസിദ്ധമായ ആ ജാഥ. 1960 ജൂൺ 28ന്‌ കാസർകോട്‌ മല്ലികാർജുന ക്ഷേത്ര മൈതാനിയിൽനിന്നാണ്‌ ജാഥ തുടങ്ങിയത്‌. സി എച്ച്‌ കണാരനും പന്തളം പി ആർ മാധവൻപിള്ളയും ഉപനേതാക്കളായ ജാഥയിൽ 25 സ്ഥിരാംഗങ്ങളുമുണ്ടായി. ഇ എം എസ്‌ എഴുതിയ ‘കാർഷിക ബില്ലിനുവേണ്ടി യോജിച്ചു പ്രവർത്തിക്കുക’ ലഘുലേഖയുടെ 35,000 കോപ്പി ജാഥയിലുടനീളം വിറ്റു. 425 മൈൽ കാൽനടയായി സഞ്ചരിച്ച്‌ ജൂലൈ 24ന്‌ ജാഥ തിരുവനന്തപുരത്ത്‌ സമാപിച്ചു. ജാഥക്ക്‌ കേരത്തിലെങ്ങും ലഭിച്ച വമ്പിച്ച സ്വീകരണമാണ്‌ ലഭിച്ചത്‌. നെഹ്‌റുവിന്റെ സന്ദേശവും എ കെ ജിയുടെ മറുപടിയും ദേശീയതലത്തിൽതന്നെ ജാഥയെ ശ്രദ്ധേയമാക്കി. ജാഥ ഷൊർണൂരെത്തിയപ്പോൾ എ കെ ജിക്ക്‌ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കമ്പിസന്ദേശം. ‘‘കാൽനട ജാഥ നടത്തുന്നുവെന്നറിഞ്ഞു. എന്നാൽ നമുക്കൊക്കെ വയസായില്ലേ. ക്ഷീണം വർധിപ്പിക്കും. അതുകൊണ്ട്‌ ജീപ്പ്‌ ഉപയോഗിച്ചുകൂടേ’’ എന്നായിരുന്നു സന്ദേശം. എ കെ ജി മറുപടിയിൽ ഇങ്ങനെ എഴുതി: ‘‘പണ്ഡിറ്റ്‌ജി നമ്മളെല്ലാം തീയിൽ മുളച്ചതല്ലേ, വെയിലത്തുണ്ടോ വാടുന്നു’’. ജൂലൈ 25ന്‌ എ കെ ജി, കെ ആർ ഗൗരിയമ്മ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച്‌ കണാരൻ, വിഷ്‌ണുഭാരതീയൻ എന്നിവർ ചേർന്ന്‌ മുഖ്യമന്ത്രി പട്ടം താണുപിള്ളയ്‌ക്ക്‌ നിവേദനം നൽകി.



സ്‌മരണ തുടിക്കുന്ന കത്ത്‌

എ കെ ജിയുടെ നേതൃത്വത്തിൽ 1960 നടന്ന കർഷക ജാഥയുടെ ഓർമ തുടിക്കുന്ന കത്ത്‌. ജൂൺ 30ന്‌ ജാഥയ്‌ക്ക്‌ കാര്യങ്കോടും ചെറുവത്തൂരിൽ നൽകുന്ന സ്വീകരണത്തിൽ പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ കർഷകസംഘത്തിന്റെ മയ്യലിലെ അന്നത്തെ സെക്രട്ടറി എരോത്ത്‌ വീട്ടിൽ കൃഷ്‌ണൻ നായർ, ചെറിയാക്കരയിലെ പി കുഞ്ഞമ്പുവിന്‌ എഴുതിയ കത്താണിത്‌. ചായ്യോത്തെ കെ പി വേണുഗോപാലന്റെ ശേഖരത്തിലാണ്‌ കത്തുള്ളത്‌. പകൽ 12ന്‌ കാര്യങ്കോട്ടെ സ്വീകരണത്തിലും ഒരു മണിക്ക്‌ ചെറുവത്തൂരിൽ ചേരുന്ന പൊതുയോഗത്തിലും പ്രവർത്തകരെ പങ്കെടുപ്പിക്കണമെന്നാണ്‌ കത്തിലുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home