പി മഷൂദ്

നീലേശ്വരം ബ്ലോക്ക് ഫെസ്റ്റിന്റെ ഭാഗമായി കാലിക്കടവിൽ അരങ്ങേറിയ കൈ കൊട്ടിക്കളി മത്സരം
പി മഷൂദ്
Published on Feb 17, 2025, 03:00 AM | 1 min read
കാലിക്കടവ്
മനസ് നിറയ്‌ക്കുന്ന കലാ പ്രകടനങ്ങളും ഉല്ലാസം പകരുന്ന റെയ്ഡുകളും കണ്ണിന് കുളിർമയേകുന്ന കാഴ്ചകളുമായി നീലേശ്വരം ബ്ലോക്ക് ഫെസ്റ്റ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാലിക്കടവിൽ ഒരുക്കിയ മേള അഞ്ച് ദിവസം പിന്നിടുമ്പോൾ അതിരുകളില്ലാത്ത ആഘോഷ ദിനങ്ങളാണ് നാടിന് സമ്മാനിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ആയിരങ്ങളാണ് ഫെസ്റ്റിലെത്തിയത്. പുതിയതായി സജ്ജീകരിച്ച വിവിധ റൈഡുകളും സംഗീതനിശകളും കലാപരിപാടികളുമായി മേള സന്ദർശകരെ കാത്തിരിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ, പവലിയനുകൾ, വിൽപ്പന സ്റ്റാൾ, അപൂർവങ്ങളായ കാർഷിക വിളകൾ, ഉൽപ്പന്നങ്ങൾ, പഴയകാല കാർഷിക ഉപകരണങ്ങൾ, പുരാവസ്‌തുക്കൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. വിവിധ വിഷയങ്ങളിലെ വിദഗ്‌ധരുടെ നേതൃത്വത്തിൽ സെമിനാറുകൾ മേളയുടെ ഭാഗമായി നടക്കുന്നു. ആരോഗ്യ വകുപ്പ് ഒരുക്കുന്ന പവലിയനിൽ ജീവിതശൈലി രോഗങ്ങളുടെ പരിശോധന സൗജന്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മാനസികോല്ലാസം നൽകുന്ന അമ്യൂസ്മെന്റ് പാർക്ക്, ഗെയിംസ്, സംസാരിക്കുന്ന അമേരിക്കൻ പാവ, കുതിരസവാരി, ഒട്ടകസവാരി, ഫുഡ് കോർട്ട്, വിവിധ വകുപ്പുകളുടെ ഉൽപ്പന്നങ്ങൾ, സെൽഫി പോയിന്റ്, വാട്ടർ ഫൌണ്ടയിൻ എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ, പാലുൽപന്നങ്ങൾ വസ്ത്രങ്ങൾ, മധുരപലഹാരങ്ങൾ, കൈത്തറി, കരകൗശല വസ്‌തുക്കൾ, ആദിവാസി ആയുർവേദ ചികിത്സ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ വില്പന -സേവന സ്റ്റാളുകളുമുണ്ട്. ദിവസവും രാത്രി ഇശൽ സന്ധ്യ, മ്യൂസിക്കൽ നൈറ്റ്, ഗോത്ര കലാമേള, ഗസൽ സന്ധ്യ, മാപ്പിളപ്പാട്ട് തുടങ്ങിയ കലാ പരിപാടികളോടൊപ്പം കുടുംബശ്രീ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും. ഞായറാഴ്‌ച ഉത്തരമേഖലാ കൈകൊട്ടിക്കളി മത്സരം അരങ്ങേറി. കിടപ്പിലായ രോഗികളുടെ ആശ്വാസ പദ്ധതികൾക്ക് തുക കണ്ടത്തുന്നതിനാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.









0 comments