50 ടൺ ഇ മാലിന്യം ക്ലീൻ കേരളയ്ക്ക്

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ച ആദ്യലോഡ് ഇ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കാസർകോട് ഡിഡിഇ ടി വി മധുസൂദനൻ കൈമാറിയപ്പോൾ

സ്വന്തം ലേഖകൻ
Published on Jan 21, 2025, 10:28 PM | 1 min read
കാസർകോട്
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയും പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും നടത്തിയ പ്രവർത്തനത്തിൽ 50 ടൺ ഇ മാലിന്യം ശേഖരിക്കും. കൈറ്റ് തയ്യാറാക്കിയ ഇ വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ഡിസ്പോസൽ പോർട്ടലിലേയ്ക്ക് ജില്ലയിൽനിന്ന് മാത്രം 50 ടൺ ഇ മാലിന്യങ്ങളുടെ വിവരമാണ് അപ്‌ലോഡ് ചെയ്‌തുകിട്ടിയത്. ഇവ നീക്കുന്നതിലൂടെ ജില്ലയിലെ മുഴുവൻ സ്കൂളുകളും ഹരിത വിദ്യാലയം എന്ന പദവിയിലേക്കുയരും. പ്രൊജക്ടർ, ക്യാമറ, സ്‌പീക്കർ, സൗണ്ട് സിസ്റ്റം, ടിവി, റേഡിയോ തുടങ്ങിയവയാണ് സ്‌കൂളിൽനിന്നും ശേഖരിക്കുന്നത്. ഉപയോഗശൂന്യമായതും വാറന്റി നിലവിലില്ലാത്തതുമായ ഏതൊരു ഉപകരണവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരമുള്ള സ്കൂൾ തല സമിതി പരിശോധിച്ച് ഇ വെയ്സ്റ്റ് ആണെന്ന് ഉറപ്പുവരുത്തും. അതിനുശേഷം പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതാണ് ക്ലീൻ കേരള കമ്പനി എത്തി ഏറ്റെടുക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു സ്കൂളാണ് ശേഖരണ കേന്ദ്രമായി തീരുമാനിച്ചത്. ആദ്യദിന ശേഖരണത്തിൽ കാസർകോട് നഗരസഭ പരിധിയിലുള്ള 19 സ്കൂളിൽനിന്നും 2,916 കിലോ ഇ മാലിന്യം ശേഖരിച്ചു. മധൂർ പഞ്ചായത്തിലെ ആറ് സ്കൂളുകളിൽനിന്നും 746 കിലോ മാലിന്യവും ക്ലീൻ കേരള കമ്പനി എടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കുമ്പള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ സ്കൂളിൽനിന്നും ഇ മാലിന്യം ശേഖരിക്കും. ബാക്കിയുള്ള പഞ്ചായത്തുകളിൽ അടുത്ത ദിവസങ്ങളിലും ശേഖരണമുണ്ടാകും. ഇ മാലിന്യ ശേഖരണം കാസർകോട് ഡിഡിഇ ടി വി മധുസൂദനൻ ഫ്ലാഗ് ഓഫ് ചെയ്‌തു. കാസർകോട് നഗരസഭയിൽ ചെയർമാൻ അബ്ബാസ് ബീഗത്തിൽനിന്നും ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി ഏറ്റുവാങ്ങി. കൈറ്റ് ജില്ലാ കോഡിനേറ്റർ റോജി ജോസഫ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി ജയൻ, ഉപകോഡിനേറ്റർ എച്ച് കൃഷ്ണൻ, കൈറ്റ് മാസ്റ്റർ ട്രൈനർ അബ്ദുൾ ഖാദർ, ക്ലീൻ കേരള കമ്പനി സെക്ടർ കോഡിനേറ്റർ അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു.









0 comments