പഠനം അനായാസം ക്രിയേറ്റീവ് കോർണറുകൾ സജീവം

കയ്യൂർ ഗവ. ഹയർസെക്കൻഡറിയിൽ ക്രിയേറ്റീവ്‌ കോർണർ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 03, 2025, 03:00 AM | 1 min read

കയ്യൂർ

കാലത്തിനനുസരിച്ച് പഠനരീതികളും മാറണം എന്ന പൊതുവിദ്യാഭ്യാസ വകുപ്പ്‌ നയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ സർക്കാർ സ്‌കൂളുകളിലും ക്രിയേറ്റീവ്‌ കോർണറുകൾ ഒരുങ്ങുന്നു. പരീക്ഷാജയത്തിനപ്പുറം പഠനത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, പരമ്പരാഗത ലബോട്ടറി പഠനത്തിന്റെ പരിമിതികൾക്കപ്പുറത്തേക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക എന്നിവയാണ്‌ ലക്ഷ്യം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറുകളായി മാറുക. വയറിങ്‌, പ്ലംബിങ്‌, കൃഷി, ഫാഷൻ ടെക്നോളജി, പാചകകല തുടങ്ങിയ മേഖലകളിൽ നേരിട്ടുള്ള പരിശീലനം ലഭ്യമാക്കുന്ന അധ്യാപനരീതിയാണ് ഇതിനായി സജ്ജീകരിച്ചത്‌. വിദ്യാലയങ്ങളിലെ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ പ്രവർത്തനം. പാഠപുസ്തകത്തിലെ ആശയങ്ങളെ രസകരവും ക്രിയാത്മകവുമായി കുട്ടികളിലേക്ക് എത്തിക്കും. തൊഴിലും വിജ്ഞാനവും രണ്ടായി നിൽക്കേണ്ടതല്ലെന്ന ബോധ്യവും വളർത്തും. ജില്ലയിലെ 12 സർക്കാർ വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോർണറുകൾ ഒരുക്കിയത്. കയ്യൂർ ഗവ. ഹയർസെക്കൻഡറിയിൽ ക്രിയേറ്റീവ് കോർണർ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എ ജി അജിത്‌ അധ്യക്ഷനായി. പ്രധാനാധ്യാപകൻ പ്രമോദ് ആലപ്പടമ്പൻ, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, പഞ്ചായത്തംഗം എം പ്രശാന്ത്, ബിപിഒ സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ഹരീഷ് കുമാർ, വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പൽ മിനിമോൾ, രമേശൻ, എം കെ ലേഖ എന്നിവർ സംസാരിച്ചു. കൂവാറ്റി ചാമക്കുഴി ജിയുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ വർക് ഇന്റഗ്രേറ്റഡ് ലാബ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. ബിപിസി ഷൈജു ബിരിക്കുളം, പ്രധാനാധ്യാപകൻ ടി സുരേശൻ, പ്രദീപ് കൂവാറ്റി , കമലാക്ഷൻ കക്കോൽ തുടങ്ങിയവർ സംസാരിച്ചു. സി ആർ വീണക്കുട്ടി, കെ കെ ശ്രുതി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home