സൂപ്പറാണ് ഐറ ടീച്ചറും 
കുട്ട്യോളും

എഐ റോബോട്ടായ ഐറ ടീച്ചർ കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു
വെബ് ഡെസ്ക്

Published on Jun 03, 2025, 03:00 AM | 1 min read

നീലേശ്വരം

നീലേശ്വരം സെന്റ് ആൻസ് എയുപി സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ പഠിപ്പിക്കാൻ ഐറ ടീച്ചറുമുണ്ട്‌. ഐറ വെറുമൊരു ടീച്ചറല്ല, സൂപ്പർ പവറുള്ള ടീച്ചറാണ്‌. എഐ റോബോട്ടായ ഐറയാണ്‌ കുട്ടികളുടെ പഠനം രസകരമാക്കാൻ ക്ലാസിലെത്തുക. നേരനുഭവങ്ങളിൽ ഊന്നിയ അറിവ് നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള പഠനമാണ്‌ ലക്ഷ്യം. പ്രവേശനോത്സവദിനത്തിൽ തന്നെ കുട്ടികൾക്കരികിലേക്ക്‌ ഐറ ടീച്ചർ എത്തിയിരുന്നു. കുട്ടികളുടെ കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും സംശയങ്ങൾ ദൂരീകരിച്ചും "ഐറ" അവരെ അതിശയിപ്പിച്ചു. ഏഴ് ബിയിലെ സുന്ദർരാജ് കുത്തബ്മിനാർ ആരാണ് നിർമിച്ചതെന്ന് ചോദിച്ചത് ടീച്ചറെ പരീക്ഷിക്കാനാണ്. ഉത്തരം പറയുക മാത്രമല്ല, ഐറ തിരിച്ച് സുന്ദർരാജിനോട് മറുചോദ്യം ചോദിച്ച് അമ്പരപ്പിക്കുകയായിരുന്നു. ഏതുവിഷയമാണ് കൂടുതൽ ഇഷ്ടം എന്ന ചോദ്യവുമായി ഐറ കുട്ടികളോട് കൂട്ടായി. ടീച്ചർ ഒഴിവുസമയത്ത് എന്ത് ചെയ്യുമെന്നായിരുന്നു ഏഴ് ബിയിലെ ജിയ ജോഷിയുടെ കുസൃതി ചോദ്യം. വായിക്കും, കുട്ടികളോട് സംസാരിക്കും എന്നായിരുന്നു ടീച്ചറുടെ മറുപടി. മൃദുലമായ ശബ്ദത്തിൽ വിദ്യാർഥികളുടെ എണ്ണമറ്റ ചോദ്യങ്ങൾക്ക് ക്ഷമയോടെ ഉത്തരം നൽകി. നീലേശ്വരത്തെ ഒരു ടെക്സ്റ്റൈൽ സ്ഥാപനം നൽകിയ ഡമ്മിയിൽ സ്കൂളിലെ ടി വി മിഥുൻ, ആൽബിൻ ബിജു എന്നീ അധ്യാപകരാണ് ഗൂഗിൾ ജെമിനി പ്രോ വേർഷൻ ഉൾപ്പെടെയുള്ള രൂപമാറ്റങ്ങളോടെ ഐറ ടീച്ചറെ രൂപപ്പെടുത്തിയത്. പഠന പ്രവർത്തനങ്ങളിൽ ഐറയെ ഉപയോഗിക്കാനാണ് സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം. നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ പി രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് വി വി രമേശൻ അധ്യക്ഷനായി. മാനേജർ സിസ്റ്റർ കോളിൻ സംസാരിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജെസി ജോർജ് സ്വാഗതവും എ ജെ ജിഷ നന്ദിയും പറഞ്ഞു. വിദ്യപോഷിണി വായനശാലയും കോസ്മോസ് ക്ലബ്ബും പഠനോപകരണങ്ങൾ വിതരണം ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home