ട്രോളിങ് നിരോധനം 9ന് അർധരാത്രിമുതൽ
നിരീക്ഷണം ശക്തമാക്കി ഫിഷറീസ് വകുപ്പ്

നീലേശ്വരം
മൺസൂൺകാല ട്രോളിങ് നിരോധനം ഒമ്പതിന് അർധരാത്രി ആരംഭിക്കാനിരിക്കെ ഒരുക്കളുമായി ഫിഷറീസ് വകുപ്പ്. ജൂലൈ 31വരെയായി 52 ദിവസങ്ങളിലാണ് നിരോധനം. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ കടലിൽപോകുന്നത് വിലക്കി. പരമ്പരാഗതരീതിയിൽ ചെറുവള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് നിരോധനം ബാധകമല്ല. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്ത് ചെറുവള്ളങ്ങൾക്ക് മീൻ പിടിക്കാൻ നിയമതടസമില്ല. മഴക്കാലം മീനുകളുടെ പ്രജനന കാലമായതിനാലാണ് രണ്ടുമാസം ട്രോളിങ് നിരോധിക്കുന്നത്. നിരോധനത്താൽ ബുദ്ധിമുട്ടിലാകുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാനും സർക്കാർ സംവിധാനങ്ങൾ ആസൂത്രണംചെയ്യുന്നുണ്ട്. ആനുകൂല്യങ്ങൾ യഥാസമയം നൽകും ജില്ലയിൽ നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പി അഖിൽരാജിന്റെ അധ്യക്ഷതയിൽ യോഗംചേർന്നു. നിരോധനം നിലവിൽ വരുന്നതിനുമുമ്പ് ജില്ലയുടെ തീരപ്രദേശത്തുള്ള ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണം. മറ്റു ബോട്ടുകൾ അതത് പ്രദേശങ്ങളിൽ നങ്കൂരമിടണം. കടലിൽ പോകുന്ന ഇൻബോർഡ് വള്ളത്തോടൊപ്പം ഒരു കാരിയർ തോണി മാത്രമേ ഉപയോഗിക്കാവൂ. ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ട്രോളിങ് ബോട്ടുകൾക്ക് ഇന്ധനം നൽകാൻ പാടില്ല. പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി മടക്കര, മഞ്ചേശ്വരം ഹാർബർ കേന്ദ്രീകരിച്ച് പട്രോളിങ് ബോട്ട്, കീഴൂർ കേന്ദ്രീകരിച്ച് ഫൈബർ തോണി എന്നിവ സജ്ജമാക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് സീ റസ്ക്യൂ ഗാർഡ്, മറൈൻ എൻഫോസ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ സേവനം ഉറപ്പുവരുത്തും. കടലിൽപോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ്, ജീവൻ രക്ഷാ ഉപകരണങ്ങൾ യാനത്തിന്റെ രേഖകൾ എന്നിവ നിർബന്ധമായും യാനത്തിൽ കരുതി കാലാവസ്ഥ മുന്നറിയിപ്പ് പാലിച്ചുമാത്രമേ മീൻപിടുത്തം നടത്താവൂ. നിരോധനകാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യും. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും ചർച്ചചെയ്തു. കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. നമ്പർ: 0467 220 2537.









0 comments