സ്വപ്‌നംകണ്ട റെക്കോർഡിലേക്ക് സോനയുടെ ത്രോ

സോന മോഹൻ അച്ഛനമ്മമാർക്കും അനിയത്തിക്കുമൊപ്പം
ചെറുവത്തൂർ
കഴിഞ്ഞവർഷം സംസ്ഥാന കായികമേളയിൽനിന്ന് മടങ്ങവേ സോനാ മോഹൻ കുറിച്ചുവെച്ചതാണ് മീറ്റ് റെക്കോർഡ് എന്ന സ്വപ്‌നവും ലക്ഷ്യവും. ആ സ്വപ്‌നത്തിലേക്കുള്ള ആത്മാർപ്പണമായിരുന്നു പിന്നീടുള്ള ഓരോനിമിഷത്തിലും. ഏത് കൊടിയ മഴയിലും മഞ്ഞിലും രാവിലെ അഞ്ചിന് കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മെതാനത്ത് സോനയുണ്ടാവും. സ്‌കൂൾ വിട്ടുകഴിഞ്ഞാൽ വെളിച്ചം മങ്ങുന്നതുവരെ വീണ്ടും പരിശീലനം. വെള്ളിയാഴ്‌ച സബ്‌ജൂനിയർ ഡിസ്‌കസ്‌ത്രോയിൽ 38.64 മീറ്റർ എറിഞ്ഞാണ് സോന ഏഴുവർഷം മുന്പത്തെ റെക്കോർഡിനെ മായ്‌ച്ചുകളഞ്ഞത്. തൃശൂരുകാരി അതുല്യയുടെ37.73 എന്ന റെക്കോർഡാണ് തകർത്തത്. പരിശീലനത്തിനും കായികമേളകളിലേക്കുള്ള യാത്രകൾക്കുമായി വർഷംതോറും മൂന്നരലക്ഷം രൂപയോളം ചെലവഴിച്ച് മകളുടെ സ്വപ്‌നങ്ങക്കൊപ്പമുണ്ട് ഓട്ടോഡ്രൈവറായ അച്‌ഛൻ മോഹനൻ. മകൾ റെക്കോർഡിലേക്ക് കുതിക്കുന്നതിന് സാക്ഷിയായി മോഹനൻ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. തിമിരി പാലത്തേര സ്വദേശിയായ മോഹനനും കുടുംബവും കാരിയിലാണ് താമസം. ടി സൗമ്യയാണ് അമ്മ. നിഹാരയാണ് സഹോദരി. പ്ലസ് വൺ ഹ്യുമാനീറ്റിസ് വിദ്യാർഥിയാണ് സോന. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ മീറ്റിൽ വെള്ളി മെഡലായിരുന്നു. ക്വാളിഫൈയിങ് റൗണ്ടിൽ 35.50 എറിഞ്ഞ അതുല്യയ്‌ക്ക് ഇൗ മികവ് ഫൈനൽ റൗണ്ടിൽ ആവർത്തിക്കാനായിരുന്നില്ല. കെ സി ഗിരിഷീന്റെ നേതൃത്വത്തിലുള്ള കെ സി ത്രോസിലാണ് പരിശീലനം. സോന സ്വർണവുമായി മടങ്ങുമെന്ന ഉറപ്പായിരുന്നുവെന്ന് പ്രിൻസിപ്പൽ ഡോ. ടി ഗീത പറഞ്ഞു. സ്വർണത്തിനൊപ്പം റെക്കോർഡ് സന്തോഷത്തെ ഇരട്ടിയാക്കുന്നു. ചിട്ടയായ പരിശീലനവും ആത്മാർപ്പണവുമാണ് സോനയെ ഇൗ നേട്ടത്തിലേക്ക് നയിച്ചത്. ദേശീയ മീറ്റിലേക്കാണ് ഇനി ഞങ്ങളുടെ നോട്ടം– ഗീത പറയുന്നു.









0 comments