തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസ്സുകൾക്ക്‌ 22ന്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 18, 2025, 02:00 AM | 1 min read


​കാസർകോട്‌

സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വികസന സദസ്സുകൾക്ക്‌ തദ്ദേശ സ്ഥാപനങ്ങളിൽ 22ന്‌ തുടക്കം. ഒക്ടോബർ 20 വരെ നീളുന്നതാണ്‌ ക്യാന്പയിൻ. റിസോഴ്സ് പേഴ്സൺന്മാർക്കുള്ള ഓൺലൈൻ പരിശീലനം വ്യാഴം രാവിലെ 10.30 മുതൽ കലക്ടറേറ്റ് ഹാളിൽ നടക്കും. ​പഞ്ചായത്തുകളിലും നഗരസഭയിലും എല്ലാ വാർഡുകളിലയും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ വികസന സദസുകൾ. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌, മുനിസിപ്പൽ ചെയർപേഴ്സൺമാർ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ എന്നിവരും വികസന സദസിൽ പങ്കാളികളാകും. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിത കർമസേന പ്രവർത്തകരെയും ആദരിക്കും. കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കുന്ന കെ സ്മാർട്ട് ക്ലിനിക്കും ഒരുക്കും. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെ പ്രദർശനവും ഉണ്ടാവും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതികൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക്‌ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കുന്നതിനുള്ള ഓപ്പൺ ഫോറവും ഉണ്ടാവും. ചർച്ചയിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങളിൽ പരിഗണിക്കും. വികസന സദസുകൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചെയർപേഴ്സണും കലക്ടർ കോ ചെയർപേഴ്സണുമായി സമിതി പ്രവർത്തിക്കും. തദ്ദേശ വകുപ്പ് ജോയിന്റ്‌ ഡയറക്ടറാണ്‌ കൺവീനർ. ജില്ലാ ആസൂത്രണ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ സമിതി അംഗങ്ങളാണ്‌. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വികസന സദസിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home