ദുരന്തഭീതിയിൽ വീരമലക്കുന്ന്

വീരമലക്കുന്നിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിലേക്ക് വീണ കല്ലും മണ്ണും ജെസിബി ഉപേയോഗിച്ച് മാറ്റുന്നു

സ്വന്തം ലേഖകൻ
Published on Jul 25, 2025, 02:00 AM | 1 min read
ചെറുത്തൂർ
അപകട ഭീഷണി നിലനിൽക്കുന്ന വീരമലക്കുന്നിന് സമീപം വീണ്ടും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് സമീപത്തെ കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ നിർദേശം നൽകി. 20 കുടുംബങ്ങൾക്കാണ് വില്ലേജ്, റവന്യു അധികൃതർ നേരിട്ട് വീട്ടിലെത്തി നിർദേശം നൽകിയത്. മൂന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം മലയിടിഞ്ഞ് റോഡിലേക്ക് പതിച്ച കല്ലും മണ്ണും ജെസിബി ഉപയോഗിച്ച് മാറ്റാനുള്ള പ്രവൃത്തി നടന്നുവരികയാണ്. റോഡിന്റെ ഒരുഭാഗത്തുള്ള മണ്ണ് പൂർണമായും നീക്കം ചെയ്‌തു. എന്നാൽ മലയോട് ചേർന്ന് നിൽക്കുന്ന മണ്ണും കല്ലും മാറ്റാൻ ആരംഭിച്ചില്ല. താഴെ നിന്നും മണ്ണ് മാറ്റുമ്പോൾ മുകൾഭാഗം ഇടിയുമുമെന്ന ആശങ്ക നില നിൽക്കുന്നതു കൊണ്ടാണ് ഇവ മാറ്റാൻ ആരംഭിക്കാത്തത്. മതിയായ സുരക്ഷയൊരുക്കി മണ്ണ് മാറ്റും. അപകട സ്ഥലം ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ഉമേഷ് ഗാർഗ് സന്ദർശിച്ചു. സുരക്ഷാ സംവിധാനം ഒരുക്കാൻ മേഘ കമ്പനി അധികൃതർക്ക് നിർദേശവും നൽകി. നിർത്തിവച്ച ചരക്ക് വാഹനങ്ങളുടെ ഗതാഗതം പൊലീസ് സുരക്ഷയോടെ ഇതിലൂടെ പുനരാരംഭിച്ചു. മറ്റ് വാഹനങ്ങൾക്ക് ഇതുവഴി പ്രവേശനം അനുവദിക്കില്ല. മറ്റ് വാഹനങ്ങൾ നേരത്തേ നിശ്‌ചയിച്ച പാതയിലൂടെ കടന്നുപോകണം. വാഹനങ്ങൾ കടക്കാതിരിക്കാൻ നീലേശ്വരം പൊലീസിന്റെ നേതൃത്വത്തിൽ മയിച്ച ചെറിയ പാലത്തിന് സമീപവും ചന്തേര പൊലീസിന്റെ നേതൃത്വത്തിൽ വെങ്ങാട്ടും പരിശോധന ശക്തമാക്കി. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാലേ ഇതിലൂടെ ഗതാഗതം പൂർണമായും പുനരാരംഭിക്കൂ.









0 comments