നെടുമ്പ്രത്തിന്റെ ദാഹമകറ്റിയ കാലം

Water Tank
avatar
ടി എ റെജികുമാർ

Published on Aug 24, 2025, 12:05 AM | 1 min read



തിരുവല്ല
കുടിവെള്ളം കിട്ടാക്കനിയായിരുന്ന ഒരുകാലമുണ്ടായിരുന്നു നെടുമ്പ്രത്തിന്‌. അവിടെനിന്നൊക്കെ എത്രയോ മാറി ഇ‍ൗ കൊച്ചുഗ്രാമം. ഇന്ന്‌ ഏതുവീട്ടിൽ ചെന്നാലും കുടിവെള്ളം സുലഭം. നയിക്കുന്നവർ ഇച്ഛാശക്തിയുള്ളവരാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. അതെ, ജൽ ജീവൻ പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിച്ച പഞ്ചായത്താണ്‌ നെടുമ്പ്രം. ജില്ലയിൽ പദ്ധതി നടപ്പാക്കിയ ആദ്യ പഞ്ചായത്തും.
1068 വീടുകളിൽ 1.88 കോടി രൂപ ചെലവിട്ടാണ് സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി പൂർത്തിയാക്കിയത്. ഇതിനായി നാലര കിലോമീറ്റർ ചുറ്റളവിൽ പൈപ്പുലൈനും സ്ഥാപിച്ചു. പുളിക്കീഴ് ശുദ്ധജല പദ്ധതിയിൽനിന്നും നെടുമ്പ്രത്ത് വെള്ളമെത്തിക്കും. ആറുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ടു ജലസംഭരണികളാണ് നിർമിച്ചത്. പുളിക്കീഴ് പ്ലാന്റിൽ പ്രതിദിനം 1.4 കോടി ലിറ്റർ വെള്ളം വിതരണം ചെയ്യുന്നതിനുശേഷിയുണ്ട്.
ഭരണകാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പ്രസന്നകുമാരി പറഞ്ഞു. വനിതകൾക്കായി മാത്രം ഫിറ്റ്നസ് സെന്റർ തുറന്നു. ആറുലക്ഷം രൂപ മുടക്കിയാണ്‌ ഇതിനായി ഹാൾ നിർമിച്ചത്‌. ഏഴുലക്ഷം രൂപയുടെ 11 ഉപകരണങ്ങൾ വാങ്ങി. ഇൻസ്ട്രക്ടർമാരെയും നിയമിച്ചു. രാവിലെ 6.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 8.30 വരെയും ഇവിടത്തെ സമയക്രമം. തിരുവല്ല– അമ്പലപ്പുഴ റോഡിൽ വൈക്കത്തില്ലത്ത് 124–-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ മുകൾനിലയിലാണ്‌ പ്രവർത്തിക്കുന്നത്. കുട്ടികൾക്കുള്ള ‘ഹാപ്പിനസ് പാർക്കി’ന്റെയും വയോജനങ്ങളുടെ വിശ്രമകേന്ദ്രത്തിന്റെയും നിർമാണം അവസാനഘട്ടത്തിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home