പന്തളത്ത് കടകളിൽ മോഷണം

പോയത്‌ പണവും ഡയറി മിൽക്കും ഐസ്‌ക്രീമും

Photo

മോഷണം നടന്ന ബേക്കറിക്കുമുന്നിലേക്ക് മോഷ്ടാക്കൾ എത്തുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 12:05 AM | 1 min read

പന്തളം

പന്തളത്ത് നാല്‌ കടകളുടെ പൂട്ട് തകർത്ത്‌ മോഷണവും മോഷണശ്രമവും. എംസി റോഡിൽ പന്തളം എൻഎസ്എസ് കോളേജിന് എതിർവശത്തുള്ള കടകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. പന്തളം കോളേജ് ജങ്‌ഷനുസമീപം പുതുതായി തുറന്ന ബുഫിയാ ബേക്കറി, യുഡി മെൻസ് ഫാഷൻ സ്റ്റോർ, വിദ്യാഭവൻ ബുക്ക്സ്, ബ്രഡ് ലൈൻ കഫേ എന്നീ സ്ഥാപനങ്ങളിൽ രണ്ടിടത്താണ് മോഷണം നടന്നത്. രണ്ടിടത്ത് മോഷ്‌ടിക്കാനുള്ള ശ്രമവും നടത്തി.

ബുഫിയാ ബേക്കറിയിൽനിന്ന്‌ 35,000 രൂപയും ബ്രഡ് ലൈൻ കഫേയിൽനിന്ന്‌ 40ഓളം ഡയറി മിൽക്കും മോഷണം പോയി. ഇവിടെയെത്തിയ മോഷ്ടാക്കൾ ഐസ്ക്രീം കഴിച്ചിട്ടാണ് പോയത്. ബുക്‌സ്‌റ്റാളിൽനിന്നും തുണിക്കടയിൽനിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്‌ടാക്കൾ കടകളിലെ സിസിടിവി നശിപ്പിച്ചിട്ടുമുണ്ട്. ഷട്ടറിന്റെ താഴ് പൊട്ടിച്ചാണ് അകത്തുകടന്നത്. ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്‌.

എംസി റോഡരികിൽ നല്ല തിരക്കുള്ള സമയത്താണ്‌ നിസാരമായി പൂട്ടുതകർത്ത് മോഷണം. മോഷ്ടാക്കൾ മുഖം മറയ്‌ക്കുകപോലും ചെയ്‌തില്ല. ബുഫിയ ബേക്കറിക്ക് മുന്നിൽ നടന്ന മോഷണം ക്യാമറകളിൽ പകൽപോലെ വ്യക്തമാണ്. രണ്ട് മോഷ്ടാക്കൾ നടന്നെത്തുന്നതും ഒരാൾ താഴെയിരിക്കുന്നതും മറ്റൊരാൾ പരിസരം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കൈലിയും ഷർട്ടും ധരിച്ചയാൾ കടയ്‌ക്കുള്ളിൽ കയറി ഡ്രോയർ കുത്തിത്തുറന്ന് പണം എണ്ണിയെടുക്കുന്നതും പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം. പന്തളം എസ്എച്ച്ഒ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ പന്തളം പൊലീസ് പരിശോധന നടത്തി.

ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്‌ധരും ഫിംഗർ പ്രിന്റ്‌ വിദഗ്‌ധരും മോഷണ സ്ഥലത്ത് പരിശോധന നടത്തി. ആഴ്ചകൾക്കുമുമ്പ് കുരമ്പാലയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ ശരീരത്തിൽ നിന്നും സ്വർണാഭരണങ്ങൾ ഊരിയെടുത്ത് കള്ളന്മാർ രക്ഷപ്പെട്ടിരുന്നു. സ്വർണാഭരണങ്ങൾ കവർന്നവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Home