ഉറങ്ങിക്കിടന്ന വയോധികയുടെ കൈയിലെ സ്വർണ വള മോഷ്ടിച്ചു

അടൂർ
വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വ്യാപാരിയായ വയോധികയുടെ കൈയിൽ കിടന്ന സ്വർണ വളകൾ മോഷ്ടിച്ചു. മോഷ്ടാവിന്റെ കൈ വയോധികയുടെ വായിൽ കുത്തിയിറക്കിയ ശേഷമായിരുന്നു മോഷണം. സംഭവത്തിൽ വയോധികയുടെ ചുണ്ടിന് പരിക്കേറ്റു. അടൂർ പള്ളിക്കൽ പയ്യനല്ലൂർ എരിയിലേത്ത് ദിവ്യാഭവനിൽ രാധാമണി അമ്മ (69) യുടെ കൈയിൽ കിടന്ന ഓരോ പവൻ തൂക്കം വരുന്ന രണ്ടു വളകളാണ് മോഷണം പോയത്. വീടിനോട് ചേർന്ന് വ്യാപാര സ്ഥാപനം നടത്തുകയാണ് ഇവർ. ചൊവ്വപുലർച്ചെ 12.30-നാണ് സംഭവം. നല്ല ഉറക്കത്തിൽ ആരോ ഒരാൾ കൈവിരലുകൾ തന്റെ വായിലേക്ക് കുത്തിയിറക്കി. തുടർന്ന് ബോലോ, ബോലോ ചുപ്പ് രഹോ എന്ന് പറഞ്ഞു. ഈ സമയം വലതുകൈയിൽ കിടന്ന വളകളാണ് ഊരി എടുത്തത്.ഇടതു കൈയിൽ കിടന്ന വളകളോ കമ്മലോ മോഷണം പോയിട്ടില്ല. തുടർന്ന് ബോധം നഷ്ടപെട്ടെന്നാണ് രാധാമണി അമ്മ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ രണ്ടിന് ബോധം വന്നപ്പോൾ പത്തനാപുരത്തുള്ള മകളെ വിവരം അറിയിച്ചു. ഇവർ സ്ഥലതെത്തിയാണ് വയോധികയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൂന്നു പെൺമക്കളാണ് ഇവർക്കുള്ളത്. ഇവർ വിവാഹശേഷം മറ്റിടങ്ങളിലാണ് താമസം. ഓടിട്ട വീട്ടിൽ മോഷ്ടാവ് എങ്ങനെ കടന്നു എന്നത് വ്യക്തമല്ല. അടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.









0 comments