ആറന്മുള വള്ളസദ്യ വഴിപാടുകൾ 13 മുതൽ

പത്തനംതിട്ട ആറന്മുള പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന ആറന്മുള വള്ളസദ്യ വഴിപാടുകൾ 13 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കുമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 390 സദ്യകൾ ഇതുവരെ ബുക്കുചെയ്‌തു കഴിഞ്ഞു. 500 സദ്യകൾ ലക്ഷ്യം വെയ്ക്കുന്നു. 15 സദ്യാലയങ്ങൾ ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. 15 സദ്യ കരാറുകാരാണ് സദ്യ ഒരുക്കുന്നത്. എം കെ ശശികുമാറിന്റെ നേതൃത്വത്തിൽ ഫുഡ് കമ്മറ്റി പ്രവർത്തിക്കുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയും നടത്തും. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തിരുവാറന്മുള ക്ഷേത്രങ്ങൾ സന്ദർശിച്ച് ആറന്മുളയിൽ എത്തി വള്ളസദ്യ ചടങ്ങുകളും പള്ളിയോട വരവും കണ്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ എത്തി സദ്യയും കഴിച്ച് മടങ്ങുന്ന രീതിയാണ്. പാറശാല മുതൽ കാസർകോഡ് വരെയുള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ദിവസം നാല് മുതൽ എട്ട് ട്രിപ്പുകൾ വരെ ഉണ്ടാകും. ഈ വർഷം 400 ട്രിപ്പുകൾ ലക്ഷ്യമിടുന്നു. സ്പെഷ്യൽ പാസ് സദ്യ ജൂലൈ മാസം ആഴ്‌ചയിൽ അഞ്ച് ദിവസം നടത്തും. ഒരു ദിവസം 120 പേർക്ക് സദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിങും ആരംഭിച്ചു. www.aranmulaboatrace.com. വള്ളസദ്യയ്ക്ക്: 8281113010. തിരുവോണത്തോണി വരവ് സെപ്‌തംബർ അഞ്ചിനും ഉത്തൃട്ടാതി ജലമേള സെപ്‌തംബർ ഒമ്പതിനും, അഷ്‌ടമിരോഹിണി വള്ളസദ്യ 14നും നടക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, വൈസ് പ്രസിഡന്റ് കെ എസ് സുരേഷ്, ട്രഷറർ രമേശ് മാലിമേൽ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ എന്നിവർ പങ്കെടുത്തു.









0 comments