ബിജെപി സർക്കാർ ഇന്ത്യയുടെ ചരിത്രം കീഴ്‌മേൽ മറിച്ചു: ബ്രിട്ടാസ്‌

Photo
വെബ് ഡെസ്ക്

Published on Sep 27, 2025, 12:05 AM | 1 min read


പത്തനംതിട്ട

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ മഹാത്മാഗാന്ധി ഘാതകരുടെയടക്കം ചിത്രം പതിപ്പിച്ചപ്പോൾ തന്നെ ഇന്ത്യയുടെ ചരിത്രം കീഴ്‌മേൽ മറിഞ്ഞെന്ന്‌ ജോൺ ബ്രിട്ടാസ്‌ എംപി. രാജ്യത്ത്‌ ഐക്യം നിലനിർത്താൻ ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും നിലനിർത്തേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണകേന്ദ്രം "വെല്ലുവിളികൾ നേരിടുന്ന ഭരണഘടനയും മതേതരത്വവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം നൽകുന്ന പിന്തുണയിലാണ്‌ തന്നെപോലുള്ള എംപിമാർ സധൈര്യം പാർലമെന്റിൽ ബിജെപിക്കെതിരെ ശബ്ദമുയർത്തുന്നത്‌. ഇടതുപക്ഷം പാർലമെന്റിൽ എന്ത്‌ ചെയ്യാനാണ്‌ എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ ജീവിതം ദുസഹമായ സാഹചര്യമാണ്‌. അസമിലടക്കം ഇതര മതവിഭാഗക്കാർക്ക്‌ സ്ഥലം വിൽക്കാൻപോലും വിലക്കേർപ്പെടുത്തി ഉത്തരവിറങ്ങികഴിഞ്ഞു.

നാനാത്വം അടിസ്ഥാനമായ രാജ്യത്ത്‌ ഇന്ന്‌ പല വിഷയങ്ങളും ചർച്ച ചെയ്യാനോ അഭിപ്രായം പ്രകടിപ്പിക്കാനോ കഴിയാത്ത സാഹചര്യമാണ്‌. ജെഎൻയുവിൽ എത്രയോ ചർച്ചകളാണ്‌ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നിരുന്നത്‌. ഇന്ന്‌ അതിന്‌ സാഹചര്യമില്ല. അഭിപ്രായം പ്രകടിപ്പിച്ചെന്ന കാരണത്താൽ അവിടുത്തെ നിരവധി വിദ്യാർഥികൾ തിഹാർ ജയിലിൽ തടവനുഭവിക്കുകയാണ്‌. ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്തെ ഐക്യം ഇല്ലാതാകുമെന്ന്‌ എല്ലാവർക്കും മനസിലായ കാര്യമാണ്‌. അത്‌ മനസിലാക്കിയും പലരും അവർക്ക്‌ വോട്ട്‌ നൽകിയെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാറിൽ വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണകേന്ദ്രം ചെയർമാൻ എ പത്മകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, പഠന ഗവേഷണകേന്ദ്രം സെക്രട്ടറി പി ബി ഹർഷകുമാർ, ട്രഷറർ ഡോ. വിവേക്‌ ജേക്കബ്‌ എബ്രഹാം എന്നിവരും സസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home