മണ്ഡല മകരവിളക്ക്‌ ഉത്സവം

തീർഥാടനം ആരോഗ്യത്തോടെ

Photo
avatar
സ്വന്തം ലേഖിക

Published on Nov 16, 2025, 12:05 AM | 1 min read



പത്തനംതിട്ട

മണ്ഡലകാലത്തിന്‌ തുടക്കമിട്ട്‌ ഞായറാഴ്ച ശബരിമല നട തുറക്കുമ്പോൾ സജ്ജമായി ആരോഗ്യവകുപ്പും. പത്തനംതിട്ടയിലും അവിടുന്ന്‌ സന്നിധാനത്തേക്കുമുള്ള വഴിയിലുടനീളം ആരോഗ്യസേവനങ്ങൾ ലഭ്യമാണ്‌.

ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അവബോധം ശക്തമാക്കിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് സ‍ൗകര്യവും ലഭ്യമാണ്‌. സന്നിധാനത്തുനിന്ന്‌ പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനവുമുണ്ടാകും.

എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തിയറ്ററുകളും പ്രവര്‍ത്തിക്കും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ താൽക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. അടൂര്‍, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരു മെഡിക്കല്‍ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനും നിർദേശം നൽകി.

തീർഥാടകർ ശ്രദ്ധിക്കാൻ

നിലവില്‍ വിവിധ രോഗങ്ങള്‍ക്ക്‌ ചികിത്സയിലിരിക്കുന്നവര്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണം

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്

മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

മല കയറുന്നതിന് ദിവസങ്ങള്‍ക്ക് മുന്പ്‌ നടത്തം ഉള്‍പ്പെടെയുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യണം

അടിയന്തിരസഹായത്തിന്‌ 04735 203232 എന്ന നമ്പറില്‍ വിളിക്കാം

മാലിന്യങ്ങള്‍ വലിച്ചെറിയരുത്

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക


ചിത്രം: സന്നിധാനത്തെ ഐസിയു


പമ്പ ഗവ. ആശുപത്രി




deshabhimani section

Related News

View More
0 comments
Sort by

Home