12കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റ കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട
മുൻവിരോധത്താൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ വെട്ടിയത് തടഞ്ഞ 12കാരിയായ മകൾക്ക് മുറിവേറ്റ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടൽ അതിരുങ്കൽ അഞ്ചുമുക്ക് പറങ്കാംതോട്ടത്തിൽ അനിയൻ കുഞ്ഞെന്ന ഗീവർഗീസ് തോമസ് (42) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമാണ് ജീവപര്യന്തം ശിക്ഷിച്ചത്. ഗുരുതരമായി പരിക്കുകൾ ഏൽപ്പിച്ചതിന് അഞ്ച് വർഷം കഠിന തടവും 50,000 രൂപയും വീട്ടിൽ അതിക്രമിച്ചുകടന്നതിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയിൽ പറയുന്നു. 2016 മാർച്ച് 18 രാവിലെ 10.30നാണ് സംഭവം. സ്ഥലത്ത് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന പ്രതിയെപ്പറ്റി പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ അയൽവാസി മേടക്കര വീട്ടിൽ പ്രിയാ ദിലീപിനെയാണ് വെട്ടുകത്തിയുമായി ആക്രമിച്ചത്. പ്രിയയും കുടുംബവും വീട് വിറ്റ് പോകാത്തതിലുള്ള മുൻവിരോധവും ആക്രണകാരണമായി. വെട്ടാൻ ശ്രമിച്ചത് തടഞ്ഞ മകളുടെ കൈകൾക്ക് വെട്ടേറ്റു, ഇടതുകൈപ്പത്തിക്ക് താഴെ ഭാഗത്ത് പ്രധാന ഞരമ്പ് മുറിഞ്ഞു മാറി. അതിന് താഴെയുള്ള അസ്ഥിക്ക് മുറിവും സംഭവിച്ചു. വലതു കൈവെള്ളഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്‌തിരുന്നു.









0 comments