ഓണത്തിൽ അലിഞ്ഞുചേരുക
ചേർത്തുനിർത്തുന്നു ഇൗ ശക്തി

ഓണമെന്നാൽ ഓർമയാണ്, അനുഭവമാണ്, ഒത്തൊരുമയാണ്.... ആ ഓണം ഇനിയും തനിമചോരാതെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഓർമിപ്പിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. ഒപ്പം തന്റെ ഓണമോർമകളും പങ്കുവയ്‌ക്കുന്നു
മലയാളിയെ മലയാളിയായും കേരളത്തെ കേരളമായും നിലനിർത്തുന്നതിൽ ഓണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മൂന്നു നാട്ടുരാജ്യങ്ങളിലായി ചിതറിക്കിടന്ന ഈ ജനതയെ ഒന്നിച്ച് നിർത്തുന്ന എന്തുണ്ടെന്ന് സംസ്ഥാന രൂപീകരണത്തിനുമുമ്പ് അന്വേഷിച്ചപ്പോൾ നമ്മുടെ പൂർവികർ കണ്ടെത്തിയ ഉത്തരങ്ങളിൽ ഒന്ന് ഓണമായിരുന്നു. രണ്ടാമത്തേത് മലയാളം എന്ന ഭാഷയും. ഇവ രണ്ടുമില്ലെങ്കിൽ നാം വിശ്വാസത്തിലും ആചാരങ്ങളും അനുഷ്ഠാനങ്ങളിലും ആഹാരത്തിലുമൊക്കെ ഭിന്നരായ ചിതറിയ ജനക്കൂട്ടം മാത്രമായിപ്പോകും.
അതായത് നമ്മളെയൊന്നാകെ ചേർത്തുനിർത്തുന്ന ശക്തിയാണ് ഓണം. അതുകൊണ്ടാണ് കാണം വിറ്റും ഓണമുണ്ണെണം എന്നൊരു ചിന്ത നമുക്കുണ്ടായത്. മലയാളിയുടെ ഐക്യത്തിന്റെ പ്രതീകമായ ഈ ഓണത്തിനെയാണ് ചിലർ തങ്ങളുടേതെന്ന് പറഞ്ഞ് തട്ടിയെടുക്കാൻ ശ്രമിക്കുന്നത്, ചിലർ തങ്ങളുടേതല്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നത്. നമ്മൾ ഒന്നാണ് എന്ന ഉറപ്പിനെ ഇല്ലാതാക്കാനാണ് രണ്ടു കൂട്ടരുടെയും ശ്രമം. അതുകൊണ്ട് തന്നെ കൂടുതൽ ആഘോഷത്തിമിർപ്പോടെ ഓണത്തിന്റെ ഭാഗമാകുകയെന്നത് നമ്മുടെ കടമയായി മാറുന്നു.
പ്രവാസഭൂമിയിൽ ആയിരുന്നപ്പോഴാണ് എന്റെ മനോഹരമായ ഓണങ്ങളൊക്കെ ഞാൻ ആഘോഷിച്ചിട്ടുള്ളത്. കാരണം അകലെ ആയിരിക്കുമ്പോഴാണ് നമ്മുടെ ആഘോഷങ്ങളുടെ മധുരിമ കൂടുതൽ ആസ്വദിക്കാൻ കഴിയുക. അതേസമയം ബാല്യ, കൗമാരകാലത്തെക്കുറിച്ചുള്ള ഓർമകളിൽ അത്രയും ഓണം നിറവോടെ നിറഞ്ഞുനിൽക്കുന്നുമുണ്ട്. അതിൽ മനോഹരമായ പൂക്കളങ്ങളുണ്ട്, ക്ലബിലെ ഓണാഘോഷ പരിപാടികളുണ്ട്, വീട്ടുമുറ്റത്തെ ഊഞ്ഞാലാട്ടമുണ്ട്, അയൽവക്കത്തെ തുമ്പിതുള്ളലുണ്ട്, പിള്ളാർ സംഘത്തിന്റെ കടുവകളിയുണ്ട്, ചേട്ടൻമാരുടെ വടംവലിയുണ്ട്, അമ്മമാരുടെ ഉറിയടി മത്സരമുണ്ട്, സദ്യയുടെ രുചിയുണ്ട്, അടുത്തവീട്ടിലെ അമ്മൂമ്മ കൊണ്ടുത്തരുന്ന പായസത്തിന്റെ മാധുര്യമുണ്ട്. ഈ ഓർമകൾ അയവിറക്കുന്നത് കൂടിയാണ് ഇക്കാലത്തെ ഓണത്തിന്റെ ഒരു വിഭവം. കാരണം അതിൽ ഒരു ദേശാമൊന്നാകെ ഒന്നുചേർന്ന് ആഘോഷിച്ചതിന്റെ, ആഹ്ലാദിച്ചതിന്റെ മധുരമായ ചരിത്രം വീണുകിടക്കുന്നുണ്ട്.









0 comments