ഓണം ദാരിദ്ര്യത്തിന്‌ അറുതിവരുത്തിയ ഉത്സവം

Venugopal
വെബ് ഡെസ്ക്

Published on Sep 03, 2025, 12:05 AM | 1 min read


പത്തനംതിട്ട

"എന്റെ ബാല്യകാലം ദാരിദ്ര്യത്തിന്റെ ചില പഴകിയ അനുഭവങ്ങളുടെ കൂട്ടമാണ്‌. ആ വിഷമങ്ങൾക്ക്‌ അറുതിവരുത്തുന്നത്‌ ഓണക്കാലമായിരുന്നു. സ്‌കൂൾ യൂണിഫോമിനുശേഷം ഒരു പുത്തൻകോടി കിട്ടുന്ന കാലം.'–മിമിക്രി, ചലച്ചിത്ര താരം നരിയാപുരം വേണു തന്റെ ഓണക്കാലം ഓർത്തെടുത്തു.

ചാണകം മെഴുകിയ തറയിൽ അച്ഛനമ്മമാർക്കും സഹോദരിമാർക്കുമൊപ്പമിരുന്ന്‌ ഒരു സദ്യ. ഉള്ളതുകൊണ്ട്‌ ഓണം പോലെയെന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന ജീവിതരീതി. ഇന്ന്‌ വെറും പറച്ചിലായി മാത്രം ഒതുങ്ങിയ "ഉത്രാടപ്പാച്ചിൽ' ശരിക്കും കണ്ടുവളർന്നവരാണ്‌ നരിയാപുരം വേണുവടക്കമുള്ള തലമുറ. അത്‌ കണ്ടുവളർന്ന തങ്ങളുടെ തലമുറ ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ നേരത്തെയാക്കിയെന്നും ഓണക്കോടിയടക്കം വാങ്ങി വയ്ക്കുമായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.

കലാകാരൻമാർക്ക്‌ ഓണമാഘോഷിക്കുക പലപ്പോഴും നടക്കാത്ത സ്വപ്നമാണ്‌. വാഴയിലയിൽ ഉ‍ൗണ്‌ വിളമ്പി അങ്ങോട്ടുമിങ്ങോട്ടും കൈയോടിച്ചുള്ള സദ്യകഴിക്കൽ പല ഘട്ടങ്ങളിലും നഷ്‌ടപ്പെടാറുണ്ട്‌. പരിപാടിക്കായി ദക്ഷിണാഫ്രിക്കയിൽ പോയ ഒരു തിരുവോണത്തിന്‌ നൂഡിൽസും ചിക്കൻ കറിയും കഴിക്കേണ്ടിവന്ന അനുഭവവും വേണു പറഞ്ഞു.

കലയുടെ വിവിധ മേഖലകളിൽ ഒരേസമയം പ്രവർത്തിക്കാനായ സന്തോഷമാണ്‌ ഇ‍ൗ ഓണക്കാലത്തും വേണുവിന്റെ സന്തോഷം. സിനിമയിലും ടെലിവിഷനിലും സ്‌റ്റേജ്‌ പരിപാടികളിലും ഒരുപോലെ തിളങ്ങാനായി. നിരവധി വിദേശരാജ്യങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ പോയതും ജീവിതത്തിന്റെ വിജയമാണ്‌. ടെലിവിഷൻ കുടുംബപ്രേക്ഷകർക്ക്‌ സുപരിചിതനാണ്‌ നരിയാപുരം വേണു.



deshabhimani section

Related News

View More
0 comments
Sort by

Home