ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം
പൊലീസും പ്രവാസിയും പിന്നെ കുറച്ച് കൃഷിയും

അനിൽ കുറിച്ചിമുട്ടം
Published on Aug 17, 2025, 12:05 AM | 1 min read
കോഴഞ്ചേരി
ഒരു മുൻ പൊലീസുകാരനൊപ്പം മുൻ പ്രവാസികൂടി ചേർന്നപ്പോൾ ഉണ്ടായത് കൃഷിയെ സ്‌നേഹിക്കുന്ന മനോഹരമായ കൂട്ടായ്മ. ജീവിതോപാധിയായി കൃഷി മാറിയെങ്കിലും ഇന്ന് നേരിടുന്ന വെല്ലുവിളികൾ നിരവധിയാണെന്ന് കർഷകരായ പ്രസാദും സെൽവകുമാറും പറയുന്നു. നാഗാലാൻഡിൽ ആംഡ് പൊലീസിൽ ജോലി ചെയ്തിരുന്ന ഇലവുംതിട്ട അരുൺ ഭവനിൽ ആർ പ്രസാദും പ്രവാസിയായിരുന്ന ഇലവുംതിട്ട സെൽവ ഭവനിൽ സെൽവകുമാറും കൃഷിയോടുള്ള താൽപ്പര്യത്തിലാണ് നാട്ടിൽ സംയുക്ത കൃഷി ആരംഭിച്ചത്. മെഴുവേലി പഞ്ചായത്തിൽ പത്താം വാർഡിൽ ഏകദേശം രണ്ട് ഏക്കറോളം വരുന്ന ഭൂമിയിൽ വെറ്റില, ഏത്തവാഴ, ചേമ്പ്, പടവലം, ഇഞ്ചി എന്നിവയാണ് പ്രധാന കൃഷികൾ. കൈതക്കാട്ടിൽ തരിശായി കിടന്ന ഭൂമിയെ കഠിനാധ്വാനത്തിലൂടെയാണ് ഇവർ ഫലഭൂയിഷ്ടമായ മണ്ണാക്കി മാറ്റിയത്.
കൃഷിലേക്ക് ഇറങ്ങുമ്പോൾ കഠിനാധ്വാനം ചെയ്യാനുള്ള മനസ് മാത്രമായിരുന്നു മുതൽകൂട്ട്. 13 വർഷം ആംഡ് പൊലീസിൽ ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രസാദ് 1998ലാണ് കൃഷി തുടങ്ങിയത്. നാൽപ്പത് വർഷത്തോളം മഹാരാഷ്ട്രയിൽ ജോലി ചെയ്ത സെൽവകുമാർ പ്രസാദിനോടൊപ്പം ചേർന്ന് കൃഷി ആരംഭിച്ചിട്ട് ഒരു വർഷമായി.
27 വർഷത്തിനിടയ്ക്ക് രണ്ടുവർഷം പ്രസാദിന് കൃഷി നിർത്തിവയ്‌ക്കേണ്ടി വന്നു. രൂക്ഷമായ പന്നിശല്യം കാരണം 2023ലും 2024ലും. കൃഷിയിടത്തിന് ചുറ്റും കമ്പിയും പ്ലാസ്റ്റിക് നെറ്റും കെട്ടി ഒരു പരിധിവരെ പന്നിശല്യം ഒഴിവാക്കിയാണ് ഇപ്പോൾ കൃഷി നിലനിർത്തുന്നത്. കൃഷിയുടെ സംരക്ഷണത്തിനായി രാവും പകലും കൃഷിയിടത്ത് തങ്ങുകയാണ് ഇൗ കർഷകർ.
ഇലവുംതിട്ട ചന്തയിലും കർഷക വിപണിയിലുമാണ് ഉൽപ്പന്നങ്ങളുടെ വിപണനം. മികച്ച വിളവ് ലഭിക്കുമെങ്കിലും അധ്വാനത്തിന് ആനുപാതികമായ ലാഭം ലഭിക്കുന്നില്ല എന്ന ദുഃഖവുമുണ്ട്. എന്നാൽ കൃഷിയോടുള്ള ഇഷ്‌ടം കാരണം വിട്ടുപോകാൻ കഴിയുന്നില്ലെന്ന് പ്രസാദും സെൽവകുമാറും പറയുന്നു.









0 comments