നാളെ തിരുവോണം
ഇന്ന് ഉത്രാടപ്പാച്ചിൽ

പത്തനംതിട്ട
കനത്ത മഴയിലും ജില്ലയിലെ ഓണം കാഴ്ചകൾ മങ്ങിയില്ല. മാവേലിയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾക്ക് ഒരു ദിവസം കൂടി മാത്രം. വ്യാഴാഴ്ചയാണ് ഉത്രാടം. വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണം ആഘോഷിക്കും.
ബുധൻ രാവിലെമുതൽ ഇടവിട്ടുള്ള മഴ വെല്ലുവിളിയായെങ്കിലും നഗരത്തിൽ തിരക്ക് ദൃശ്യമായിരുന്നു. തിരുവോണസദ്യക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കൾ വാങ്ങാനും പ്രായഭേദമന്യേ ജനങ്ങൾ തിരക്കിലലിഞ്ഞു. നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകൾതോറും പച്ചക്കറി സ്റ്റാളും തുറന്നിട്ടുണ്ട്.
സംസ്ഥാന സർക്കാർ വിപണിയിൽ നടത്തിയ ഫലപ്രദമായ ഇടപെടലിൽ വെളിച്ചെണ്ണയുടെ അടക്കം വില കുറഞ്ഞിരുന്നു. സർക്കാരിന്റെ സബ്‌സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിൽ സപ്ലൈകോയിലടക്കം കിട്ടും. വസ്‌ത്രവിപണിയിലും ഖാദി, ഹാന്റക്‌സ് തുടങ്ങിയ സ്ഥാപനങ്ങളിലും തിരക്കുണ്ട്.









0 comments