മെഴുവേലിക്ക് മിഴിവേകി മൃഗാശുപത്രി

മെഴുവേലി മൃഗാശുപത്രിയിടെ പുതിയ കെട്ടിടം
കോഴഞ്ചേരി
സ്വന്തമായി ഒരു മൃഗാശുപത്രിയെന്ന മെഴുവേലിയുടെ സ്വപ്‌നത്തിന് 50 വർഷത്തെ പഴക്കമുണ്ട്. അത് പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇന്നീ നാട്. പഞ്ചായത്തിന്റെ നിരന്തര പ്രയത്നഫലം ഒന്നുകൊണ്ടു മാത്രമാണ് മൃഗാശുപത്രിക്ക് ഭൂമി ലഭ്യമായതും ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം പണിതുയർന്നതും. ഉള്ളന്നൂരിൽ 10 സെന്റ് ഭൂമിയിലാണ് മൃഗസംരക്ഷണവകുപ്പ് അനുവദിച്ച 66 ലക്ഷം ചെലവഴിച്ച് കെട്ടിടം പൂർത്തീകരിച്ചത്. ഡോക്ടറുടെ മുറി, ജീവനക്കാർക്കുള്ള മുറി, ഹാൾ, പരിശോധന മുറി, ഓപ്പറേഷൻ മുറി, ലാബ്, രണ്ടു ശുചിമുറി, മൃഗങ്ങളെ പരിശോധിക്കാൻ ആവശ്യമായ സ്ഥലം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. കുളനട പഞ്ചായത്തിലെയും ആലപ്പുഴ ജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെയും ക്ഷീരകർഷകർക്കും പുതിയ മൃഗാശുപത്രി കെട്ടിടം ഏറെ പ്രയോജനകരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ പറഞ്ഞു. തങ്ങൾ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിനാണ് പുതിയ കെട്ടിടം വന്നതോടെ പരിഹാരമായെന്ന് ക്ഷീരകർഷകൻ പുലിപ്പാറയിൽ പി എൻ സുരേഷ് പറഞ്ഞു.









0 comments