ജില്ലാ വികസനസമിതി
സ്‌കൂളുകളിൽ കെഎസ്ഇബി പരിശോധന പൂർത്തിയാക്കണം

പത്തനംതിട്ട
സ്‌കൂളുകളിൽ കെഎസ്ഇബി സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിർദേശം. സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റ്, ലൈൻ എന്നിവയില്ലെന്ന് ഉറപ്പാക്കണം. പെരിങ്ങര പഞ്ചായത്തിലെ മൂന്നൊന്നിൽപടി തോട്ടിലെ സർവേ നടപടി പൂർത്തിയാക്കണം. തിരുവല്ല ബൈപാസിലെ തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും എംഎൽഎ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വകുപ്പുകൾ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി സജി പറഞ്ഞു. പള്ളിക്കൽ, ചായലോട് പ്രദേശത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കെണമെന്നും നിർദേശിച്ചു. തെങ്ങമം - കൊല്ലായിക്കൽ പാലത്തിന് സമീപമുള്ള റോഡിലെ ട്രാൻസ്‌ഫോർമറിന് ചുറ്റുമുള്ള വെള്ളകെട്ട് പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി പറഞ്ഞു. ജില്ലയിൽ ഫിറ്റ്‌നസ് ഇല്ലാതെ ഒരു സ്‌കൂളും പ്രവർത്തിക്കുന്നില്ലെന്ന് അധ്യക്ഷനായ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ചില സ്‌കൂളുകളിൽ കാലപഴക്കമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങളുണ്ട്. അവ അടിയന്തരമായി പൊളിച്ച് നീക്കുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. പൊതുയിടങ്ങളിൽ ഭീഷണിയായുള്ള മരങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധാവി മുറിച്ച് മാറ്റണം. സ്വകാര്യ ഭൂമിയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഭൂഉടമ മുറിച്ചു മാറ്റാത്തപക്ഷം പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണം. മഴ ശക്തമായ സാഹചര്യത്തിൽ താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമെന്ന് ഉറപ്പാക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ജി ഉല്ലാസ്, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.









0 comments