കുടുംബശ്രീ അഴിമതി
തുമ്പമണ്ണിൽ പരാതി പ്രളയം, സമരം

പന്തളം
തുമ്പമൺ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീകളിൽ വൻ അഴിമതി നടന്നതായി പരാതി ലഭിച്ചതിന്റെയടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റു വാർഡുകളിൽനിന്നും കുടുംബശ്രീ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തി.
പതിനൊന്നാം വാർഡിലെ കുടുംബശ്രീ സെക്രട്ടറി അശ്വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുമ്പമൺ പഞ്ചായത്തിൽ മൂന്നംഗ വിജിലൻസ് സംഘം പരിശോധന ആരംഭിച്ചത്. ഇതിനുപിന്നാലെ ശനിയാഴ്ച രാവിലെ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പുതിയ അഴിമതിയുടെ പരാതിയുമായി പഞ്ചായത്ത് ഓഫീസിലെത്തി. തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയയ്ക്ക് കുടുംബശ്രീ പ്രവർത്തകർ പരാതി നൽകിയെങ്കിലും പ്രസിഡന്റ് വാങ്ങാൻ കൂട്ടാക്കാഞ്ഞത് വൻപ്രതിഷേധത്തിന് ഇടയാക്കി.
അഞ്ചാം വാർഡിലും അഴിമതി
അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന ഐശ്വര്യ കുടുംബശ്രീയിൽ പതിനൊന്നാം വാർഡിലെ അഴിമതിക്ക് സമാനമായ തട്ടിപ്പുകൾ നടക്കുന്നതായി കാണിച്ചാണ് കുടുംബശ്രീ അംഗങ്ങൾ ശനിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിൽ പരാതിയുമായി എത്തിയത്. സ്ഥലത്തില്ലാത്ത ആൾക്കാരുടെ പേരിൽ പഞ്ചായത്തംഗവും കുടുംബശ്രീ ചെയർപേഴ്സനും തൽപരകക്ഷികളും ചേർന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായാണ് പരാതിയിൽ പറയുന്നത്. കുടുംബശ്രീയിലെ ഈ ക്രമക്കേടുകൾ പലതവണ പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കുകയും ജില്ലാ മിഷനിൽ പരാതിപ്പെടുകയും ചെയ്തിട്ടും നീതി ലഭിക്കുന്നില്ലെന്ന് കുടുംബശ്രീ അംഗങ്ങൾ പരാതിയിൽ പറയുന്നു.
സിഡിഎസിന്റെ തനത് ഫണ്ട് കുടുംബശ്രീ സംരംഭകർക്ക് നാല് ശതമാനം പലിശയ്ക്ക് കൊടുക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടുവെന്നും ഇവ കുടുംബശ്രീ അംഗങ്ങൾക്ക് കൊടുക്കാതെ ചില കടലാസ് സംഘടനകൾ രൂപീകരിച്ച് അവരുടെ ഇഷ്ടക്കാർക്ക് നൽകുന്നു എന്നും പരാതിയിലുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കേണ്ട റിവോൾവിങ് ഫണ്ട്, പലിശയിനത്തിൽ ലഭിക്കേണ്ട തുക, ഇവയൊന്നും കണക്കിൽ കാണാനില്ലെന്നാണ് കുടുംബശ്രീ അംഗങ്ങൾ പരാതി നൽകിയിരുന്നത്. ആരോപണത്തിലുൾപ്പെട്ട രണ്ട് കുടുംബശ്രീകളിലെയും അംഗങ്ങൾക്ക് ഇടതടവില്ലാതെ ബാങ്കുകളിൽ നിന്ന് നോട്ടീസുകളും ജപ്തി നോട്ടീസുകളും വന്നുകൊണ്ടിരിക്കുകയാണ്.
തട്ടിപ്പ് നടത്തിയ ഭാരവാഹികളെ കുടുംബശ്രീകളിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐ എം തുമ്പമൺ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തിര പ്രക്ഷോഭം സിപിഐ എം നടത്തുമെന്ന് തുമ്പമൺ ലോക്കൽ ആക്ടിങ് സെക്രട്ടറി റോയി വർഗീസ് അറിയിച്ചു.
കുടുംബശ്രീക്കാർ സമരം നടത്തി
അഞ്ചാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ പരാതിയുമായി പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റിന് പരാതി നൽകിയെങ്കിലും പ്രസിഡൻറ് റോണി സക്കറിയ പരാതി വാങ്ങാതെ പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിൽ കൊടുക്കാൻ പറഞ്ഞു. എന്നാൽ ഫ്രണ്ട് ഓഫീസിൽ പരാതിയുമായി എത്തിയ കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് ഉദ്യോഗസ്ഥ പരാതി വാങ്ങാൻ തയ്യാറായില്ല. ഇതേ തുടർന്ന് കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയപ്പോൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രംഗത്തെത്തി പരാതി വാങ്ങി ഫ്രണ്ട് ഓഫീസിൽ നൽകി, കൈപ്പറ്റൽ രസീത് നൽകാൻ ഉദ്യോഗസ്ഥയോട് നിർദ്ദേശിച്ചു. പ്രതിഷേധ സൂചകമായി കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്ത് പടിക്കൽ പ്ലക്കാർഡുകളുമായി സമരം നടത്തി. സമരത്തിൽ ശാലിനി പി ഉത്തമൻ, സുജാകുമാരി, പത്മിനി സുശീലൻ, ഷംല എന്നിവർ സംസാരിച്ചു.
ഇടപെടുമെന്ന് ഡെപ്യൂട്ടി സ്പീക്കർ
സമരം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരെ കണ്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിവരങ്ങൾ തിരക്കി. അഴിമതി അന്വേഷിക്കാൻ വിജിലൻസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതരോട് വിവരങ്ങൾ തിരക്കി ഇടപെടുമെന്ന് ചിറ്റയം ഗോപകുമാർ സമരക്കാർക്ക് ഉറപ്പുനൽകി.









0 comments