റെക്കോഡ് നേട്ടവുമായി കെഎസ്‌ആർടിസി
ഒറ്റദിവസം 19 ലക്ഷം കളക്ഷൻ

പത്തനംതിട്ട
ഓണാവധിക്ക് ശേഷമുള്ള ദിവസം റെക്കോഡ് കളക്ഷനുമായി കെഎസ്‌ആർടിസി. തിങ്കളാഴ്‌ച മാത്രം പത്തനംതിട്ട ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയതിലൂടെ ലഭിച്ചത് 19,28,780 രൂപ. 14 ലക്ഷം രൂപ ലക്ഷ്യം വച്ചിരുന്നിടത്താണ് ഇത്രയും കളക്ഷൻ. 135.45 ശതമാനം അധികനേട്ടമാണ് കൈവരിക്കാനായത്.
ഓണാവധികൾക്ക് ശേഷമുള്ള തിരക്ക് പ്രമാണിച്ച് തിങ്കളാഴ്‌ച സർവീസുകൾ പുനക്രമീകരിക്കുകയും ഡിപ്പോകൾക്ക് നിശ്ചിത തുക ടാർജറ്റും നൽകിയിരുന്നു. ഇതനുസരിച്ചാണ് സർവീസുകൾ കൃത്യമായി ക്രമീകരിച്ചത്. പത്തനംതിട്ട ഡിപ്പോയിൽ ആകെ 61 ബസുകൾ സർവീസ് നടത്തി. അഞ്ച് ബസുകൾ കൂടുതലായി ഓടിച്ചു. ദീർഘദൂര സർവീസുകളും സൂപ്പർ ക്ലാസ് ഉൾപ്പെടെ എല്ലാ ബസുകളും കൃത്യമായി സർവീസ് നടത്തി. കിലോമീറ്ററിന് ശരാശരി വരുമാനം (ഇപികെഎം) 85.72 രൂപ നേടി.
ജില്ലയിലെ എല്ലാ ഡിപ്പോകളിലും അധികവരുമാനം നേടാനായി. കോന്നിയിൽ 135 ശതമാനം അധിക നേട്ടം കൈവരിച്ചു. അടൂരിൽ 132 ഉം മല്ലപ്പള്ളിയിൽ 123ഉം റാന്നിയിൽ 122ഉം അധികവരുമാനം നേടി. തിരുവല്ലയിൽ 110 ശതമാനവും പന്തളത്ത് 98 ശതമാനവുമാണ് അധികനേട്ടം. സംസ്ഥാനത്താകെ 10.13 കോടി രൂപയാണ് പ്രതിദിന കളക്ഷൻ. സാധാരണ ശബരിമല തീർഥാടന കാലത്തോടനുബന്ധിച്ചാണ് കെഎസ്‌ആർടിസിക്ക് കൂടുതൽ വരുമാനം ലഭിക്കുന്നത്. പ്രതിദിന കണക്കെടുത്താൽ അതിലും ഉയർന്ന വരുമാനമാണ് കഴിഞ്ഞ ദിവസം നേടിയത്.
സ്‌പെയർ പാർട്‌സിന്റെ അഭാവവും തകരാറും മൂലം കട്ടപ്പുറത്തിരുന്ന ബസുകൾ നന്നാക്കി സർവീസുകൾ ക്രമീകരിക്കാനായതാണ് കൂടുതൽ നേട്ടത്തിലെത്താൻ കഴിഞ്ഞതെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ റോയി ജേക്കബ് പറഞ്ഞു.
Highlights: എല്ലാ ഡിപ്പോകളും ടാർജറ്റ് മറികടന്നു
ഇപികെഎം ഇരട്ടി ലഭിച്ചു









0 comments