മണ്ഡല മകരവിളക്ക് തീർഥാടനം
പത്തനംതിട്ട കെഎസ്‌ആർടിസിയിൽ നിന്ന് 23 പ്രത്യേക സർവീസ്

സ്വന്തം ലേഖിക
Published on Nov 13, 2025, 12:05 AM | 1 min read
പത്തനംതിട്ട
മണ്ഡലകാലത്ത് തീർഥാടകർക്ക് പമ്പയിലേക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്‌ആർടിസി പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്ന് 23 പ്രത്യേക സർവീസുകളും. ഇതിനായി 18 ബസുകളാണ് പുറത്തുനിന്ന് എത്തിക്കുക. ഇതിൽ അഞ്ചുബസുകൾ വ്യാഴാഴ്ച പത്തനംതിട്ടയിലെത്തും. പത്തനംതിട്ടയിൽ നിന്നുള്ള അഞ്ച് ബസുകളും ആവശ്യമെങ്കിൽ ഉപയോഗിക്കും.
വെള്ളിമുതൽ പമ്പയിൽ കെഎസ്‌ആർടിസി ബസ് സ്‌റ്റേഷൻ പ്രവർത്തനമാരംഭിക്കും. അടൂർ ബസ് സ്‌റ്റേഷനിൽ നിന്ന് രണ്ട് പ്രത്യേക സർവീസുകളുമുണ്ടാകും. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് പ്രത്യേക സർവീസ് നടത്തുവാൻ യൂണിറ്റ് അധികാരികൾക്ക് കെഎസ്‌ആർടിസി നിർദേശം നൽകിയിട്ടുണ്ട്. 15 ബസ് സ്‌റ്റേഷനുകളിൽ നിന്നായി 502 ബസുകളാണ് പമ്പയിലേക്ക് പ്രത്യേക സർവീസ് നടത്തുക. ചെങ്ങന്നൂരിൽ നിന്ന് 80 ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തും. പമ്പയിൽനിന്നും നിലയ്ക്കലിൽ നിന്നും 203 ബസുകൾ വിവിധയിടങ്ങളിലേക്ക് സ്ഥിരം സർവീസ് നടത്തും.
താൽപ്പര്യമുള്ള ജീവനക്കാർക്ക് മുൻഗണന നൽകിയാണ് ഇത്തവണ പമ്പ ഡ്യൂട്ടിക്ക് നിയോഗിക്കുക. മുൻകാലങ്ങളിൽ ഗുരുതരമായ അപകടങ്ങളിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ, മദ്യപാന ശീലമില്ലാത്തവർ, സർവീസ് നടത്തിപ്പിൽ കാര്യക്ഷമത തെളിയിച്ചവർ എന്നിവരെ മാത്രമാകും പമ്പയിലേയ്ക്കുള്ള പ്രത്യേക സർവീസിനായി നിയോഗിക്കുക. ചാലക്കയം, -പ്ലാപ്പള്ളി, പെരുനാട്,- വടശേരിക്കര, അത്തിക്കയം, മുക്കട, പ്ലാച്ചേരി എന്നിവിടങ്ങളിലായി മൊബൈൽ മെക്കാനിക്കൽ സംഘവും സജ്ജമായിരിക്കും. കെഎസ്ആർടിസിയുടെ ആംബുലൻസ് വാനും വെള്ളിമുതൽ പമ്പയിലുണ്ടാകും. കുട്ടികൾക്കും മുതിർന്ന പൗരൻമാരായ തീർഥാടകർക്കും പ്രത്യേക വരിയും ഇരുന്ന് യാത്ര ചെയ്യുന്നതിനുള്ള സൗകര്യവും ഉറപ്പാക്കും.







0 comments