യുഡിഎഫിന്റേത് ഇരട്ടത്താപ്പ്

പത്തനംതിട്ട കോട്ടയം മെഡിക്കൽ കോളേജിൽ 68 വർഷം പഴക്കമുള്ള കെട്ടിടം തകർനന്നുവീണ സംഭവത്തിൽ യുഡിഎഫും കോൺഗ്രസും നടത്തുന്നത് ഇരട്ടത്താപ്പ്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണി ആവശ്യമായ പത്തനംതിട്ട ജനറൽ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം തടസപ്പെടുത്താൻ സമരം ചെയ്‌ത യുഡിഎഫ് നേതൃത്വമാണ് കോട്ടയത്തെ അപകടത്തെ പഴിക്കുന്നത്. 2013ൽ ബലക്ഷയമുണ്ടെന്ന് സൂചനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന് 2016ൽ എൽഡിഎഫ് സർക്കാരാണ് പണം വകയിരുത്തിയത്. കാലപ്പഴക്കം മൂലമുണ്ടായ കെട്ടിടത്തിന്റെ അപകടം ആരോഗ്യമേഖലയിലെ വികസനക്കുതിപ്പ് മറച്ചുവയ്‌ക്കാൻ പ്രതിപക്ഷം ഉപയോഗിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടെന്ന നിലപാട് സ്വീകരിച്ചതും ജില്ലയിലെ യുഡിഎഫ് നേതൃത്വമായിരുന്നു. അറ്റകുറ്റപ്പണിക്കായി ഓപ്പറേഷൻ തിയറ്ററും ഓപ്പറേഷൻ നടത്തിയ രോഗികളെ കിടത്തുന്ന വാർഡും കോന്നി മെഡിക്കൽ കോളേജിലേക്ക് താൽക്കാലികമായി മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട്ട് സമരം നടത്തുകയാണ് ചെയ്‌തത്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കാക്കി ചെയ്യുന്ന പ്രവൃത്തിയിൽ രാഷ്ട്രീയം കലർത്തി എതിർത്ത യുഡിഎഫ് കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ മലക്കം മറിഞ്ഞു. 19 വർഷം പഴക്കമുള്ള കെട്ടിടമാണ് പത്തനംതിട്ട ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക്. കെട്ടിടത്തിന്റെ തൂണുകളിൽ പല ഭാഗവും ദ്രവിച്ച് കമ്പികൾ തെളിഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ കോൺക്രീറ്റ് അടർന്ന് മാറി. കെട്ടിടഭാഗങ്ങളുടെ സാമ്പിളും ശേഖരിച്ച് പരിശോധിച്ച ശേഷമാണ് അടിയന്തിരമായി കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തണമെന്ന് നിർദേശിച്ചത്. ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടുന്ന ഏറ്റവും മുകളിലത്തെ നിലയും തൊട്ടുതാഴത്തെ നിലയിലെ വാർഡുമാണ് കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആലോചിച്ചത്. പണി പൂർത്തിയാക്കി ജനറൽ ആശുപത്രിയിൽ ഇവ പുനരാരംഭിക്കും. സുരക്ഷിതത്വവും പൊതുജന താൽപ്പര്യവും മുൻനിർത്തി നടത്താനുദ്ദേശിക്കുന്ന അറ്റകുറ്റപ്പണികൾ വേണ്ടെന്ന യുഡിഎഫിന്റെ വാദം വിചിത്രമായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് ആശുപത്രിയിലെത്തി മാധ്യമങ്ങളെ ആശുപത്രിയുടെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി. ഇതോടെയാണ് പൊതുസമൂഹത്തിനുമുന്നിൽ അപഹാസ്യരായ യുഡിഎഫ് നേതൃത്വം സമരത്തിൽനിന്ന് പിന്നോട്ടുപോയത്.









0 comments