വടശ്ശേരിക്കരയിൽ കാട്ടാന ശല്യം രൂക്ഷം


സ്വന്തം ലേഖകൻ
Published on Sep 23, 2025, 12:05 AM | 1 min read
റാന്നി
കാട്ടാനശല്യം സ്ഥിരം സംഭവമായതോടെ വടശ്ശേരിക്കരയിൽ ജീവനിൽ ഭയന്ന് പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ. ഞായറാഴ്ച പുലർച്ചെ മൂന്നിന് വടശ്ശേരിക്കര, ഒളികല്ല്, തെക്കേ ചെരുവിൽ സജിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന 50 മൂട് കുലക്കാറായ ഏത്തവാഴ, കപ്പ കാച്ചിൽ എന്നിവ നശിപ്പിച്ചു. ആൾക്കാർ ബഹളം വച്ച് ആനയെ ഓടിക്കുകയായിരുന്നു.
വടശ്ശേരിക്കര പഞ്ചായത്തിന് മിക്ക ഭാഗങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാനയെ ഭയന്ന് ഇപ്പോൾ ആരും കൃഷി ചെയ്യാത്തതിനാൽ കൃഷി നശിപ്പിക്കുന്നു എന്ന പരാതിയില്ല. എന്നാൽ വനാതിർത്തിയിൽ നിന്നും ഏഴും എട്ടും കിലോമീറ്റർ വരെ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാന മനുഷ്യജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. ഒളികല്ല്, ചെമ്പരത്തിമൂട്, താമരപ്പള്ളിൽ തോട്ടം, ആർക്കേ മൺ, ഒളികല്ല് മിച്ച ഭൂമി, ബൗണ്ടറി, എംആർഎസ് ഭാഗം എന്നിവിടങ്ങളിലെല്ലാം മിക്ക ദിവസവും കാട്ടാനയുണ്ട്. വടശ്ശേരിക്കര - ഒളികല്ല് റോഡിൽ എപ്പോഴും കാട്ടാനയുടെ സാന്നിധ്യമുണ്ട്. നൂറിലധികം കുടുംബങ്ങളാണ് ഒളികല്ലിൽ താമസിക്കുന്നത്. ഫോണിലൂടെ വിളിച്ച് ചോദിച്ച് ആന ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രദേശവാസികൾ റോഡിലൂടെ സഞ്ചരിക്കുന്നത്. ഇവിടെ നിന്നും കക്കാട്ടാറ് കടക്കുന്ന ആനകൾ കുമ്പളത്താമൺ, മണപ്പാട്ട്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും എത്തുന്നു. മുക്കുഴി റോഡിലും എപ്പോഴും കാട്ടാനയുടെ സാന്നിധ്യം ഉണ്ട്. കൂട്ടം കൂടിയും, ഒറ്റയാനായും ആനകൾ ഇറങ്ങുന്നുണ്ട്. നേരത്തെ ചക്ക സീസണിൽ ചക്കയുടെ മണം പിടിച്ചായിരുന്നു കാട്ടാനകൾ എത്തിയിരുന്നത്. ഇപ്പോൾ ഏത് സമയത്തും നാട്ടിൻപുറങ്ങളിൽ കാട്ടാനകളുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങൾ ആയിരിക്കുകയാണ്. കൃഷി ഉപേക്ഷിച്ചതോടെ കൃഷിഭൂമികളും തോട്ടം മേഖലകളും കാടുപിടിച്ചു കിടക്കുകയാണ്. ജീവനിൽ ഭയന്ന് ഇവിടം വിട്ടു പോകാനാണ് മിക്കവരും ശ്രമിക്കുന്നത്.
Highlights: വനാതിർത്തിയിൽ നിന്നും ഏഴും എട്ടും കിലോമീറ്റർ വരെ നാട്ടിൻപുറങ്ങളിലേക്ക് ആന എത്തുന്നു









0 comments