75 ലക്ഷം ചെലവിൽ പുതിയ കെട്ടിടം

ആറന്മുള ഗവ. വിഎച്ച്‌എസ്‌എസ്‌ വികസനം ഉടൻ പൂർത്തിയാക്കും

ആറന്മുള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
വെബ് ഡെസ്ക്

Published on Aug 06, 2025, 12:05 AM | 1 min read


കോഴഞ്ചേരി

ആറന്മുള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് നടപടി. സ്‌കൂളിന്റെ ഓഫീസ് പ്രവർത്തിക്കുന്ന 52 വർഷം പഴക്കമുള്ള കെട്ടിടം ബലപ്പെടുത്താൻ 20 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചു. സ്കൂളിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ അവലോകനയോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്നു.

75 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമാണം അവസാനഘട്ടത്തിലാണ്. നൂറുവർഷം പഴക്കമുള്ള പ്രൈമറി വിഭാഗം കെട്ടിടം ഏഴു ലക്ഷം രൂപ മുടക്കി നവീകരിച്ചതിനെ തുടർന്ന് നൈപുണ്യ വികസന പദ്ധതിയുടെ ക്ലാസ്‌ ആരംഭിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ മറ്റൊരു കെട്ടിടം പൊളിച്ച്‌ പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ സ്കൂളിന്റെ കളിസ്ഥലത്തിന് സംരക്ഷണഭിത്തി നിർമിക്കാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും അനുവദിച്ചു. ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നതോടെ സ്കൂളിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകും.

സ്കൂളിൽ നടന്ന അവലോകനയോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷർല ബീഗം, എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു വേലായുധൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജയചന്ദ്രൻ, സംഗീത, പിടിഎ പ്രസിഡന്റ് മനോജ് കുമാർ, വികസനസമിതി പ്രസിഡന്റ് വിനോദ് ബാബു, പ്രിൻസിപ്പൽ എ ആർ ഇന്ദു, പ്രധാനാധ്യാപിക ഗീത എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home